കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന് സി.പി ഉദയഭാനുവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിന് നീക്കം തുടങ്ങിയത്.
ഇതിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തറയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. രാവിലെ പതിനൊന്നോടെ പുതുക്കാട് സി.ഐയുടെ നേതൃത്വത്തില്‍ പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം അഭിഭാഷകന്റെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി.
ഉദയഭാനു വീട്ടിലില്ല എന്ന് നേരത്തെതന്നെ കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നുവെങ്കിലും മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടന്‍ പോലീസ് വീട്ടിലെത്തുകയായിരുന്നു.
ഉദയഭാനുവിന്റെ ഭൂമിയിടപാടുകളില്‍ രാജീവും ഭാഗമായിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രാജീവിനെ ഉദയഭാനു ക്വട്ടേഷന്‍ നല്കി വധിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ട് കേസില്‍ ഏഴാം പ്രതിയായ അഡ്വ. സി.പി ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.