തിരുവനന്തപുരം: കേരളത്തില്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാത ശൈലിക്കുമെതിരേ ഐ.എന്‍.ടി.യു.സി കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോഡിയുടെ ശൈലി പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റുവകുപ്പുകളെയും നിയന്ത്രിക്കുന്നു. മന്ത്രിമാര്‍ പേരിന് മാത്രമാണ്. സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായി. എല്ലാ അധികാരവും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുകയാണ്.

കേരളത്തിലെ എല്ലാ ജനവിഭാഗവും ദുരിതത്തിലാണ്. അവകാശ സമരത്തിനിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ജനക്ഷേമം ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് നല്‍കുന്നത്. തൊഴിലാളി വര്‍ഗ സര്‍ക്കാരെന്ന് അവകാശവാദം ഉന്നയിക്കുകയും മുതലാളിമാര്‍ക്ക് വേണ്ടി ഭരണം നടത്തുകയുമാണ് സംസ്ഥാന സര്‍ക്കാരെന്നും എം.എം.ഹസന്‍ പറഞ്ഞു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റുമായ തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി മറ്റുവകുപ്പുകള്‍ ഹൈജാക്ക് ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. സംസ്ഥാനത്ത് ഭരണ സ്തംഭനം നിലനില്‍ക്കുന്നുവെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പ്രതാപന്‍, കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികളായ അബ്ദുള്‍ ബഷീര്‍, കെ.ഉണ്ണികൃഷ്ണന്‍, പ്രദീപ്, അനില്‍കുമാര്‍, കെ.സി പ്രീത് തുടങ്ങിയവര്‍ പങ്കെടുത്തു.