തിരുവനന്തപുരം: അതിരൂക്ഷമായ വിലക്കയറ്റം മൂലം ജീവിതം ദുസ്സഹമായ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചകവാതക വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജനദ്രോഹം നടത്തുന്നത് ഹരമാക്കി മാറ്റിയ ഇതുപോലൊരു സര്‍ക്കാര്‍ ഇന്ത്യയിലുണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് മേല്‍ അധികസാമ്പത്തിക ഭാരം അടിച്ചേല്‍പ്പിച്ച ഈ നടപടി ഉടനെ തന്നെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാചകവാതക വിലവര്‍ധന പ്രതിഷേധാര്‍ഹം: എം.എം ഹസന്
തിരുവനന്തപുരം: പാചകവാതകത്തിന് കുത്തനേ വില കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എംഹസന്‍. കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്കുള്ള നരേന്ദ്രമോദിയുടെ സമ്മാനമാണ് കുത്തനേയുള്ള പാചക വാതക വിലവര്‍ദ്ധന. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടം തിരിയുന്ന ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണിത്. രാജ്യത്ത് ആദ്യമായാണ് പാചക വാതകത്തിന് ഇത്രയധികം ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത്.
കൂട്ടിയ തുകയുടെ സിംഹഭാഗവും സബ്സിഡിയായി ലഭിക്കുമെങ്കിലും പരമാവധി വില കൂട്ടി അധികം വൈകാതെ സബ്സിഡി തന്നെ നിര്‍ത്തലാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രം. പാചക വാതക വില വര്‍ദ്ധനവിനെതിരേ മുന്‍കാലങ്ങളില്‍ നടുറോഡില്‍ പാചകം പാകം ചെയ്തും കാളവണ്ടിയിറക്കിയും സമരം ചെയ്ത സി.പി.എമ്മും ബി.ജെ.പിയും ഇപ്പോള്‍ എവിടെയാണ്?. ജി.എസ്.ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണവില കൂടിയിരുന്നു. ഇപ്പോള്‍ പാചക വാതകത്തിന്റെ വിലയേറുന്നതോടെ റസ്റ്റോറന്റുകളില്‍ വില വീണ്ടും വര്‍ദ്ധിക്കുമെന്നും ഹസന് പറഞ്ഞു.