തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും പൊതുനിയമനങ്ങളില്‍ സമാന വ്യവസ്ഥ കൊണ്ടുവരാനുമുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇതിനായി ഭരണഘടനാ ഭേദഗതി വരുത്തുന്നതിന് കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്ന് തീരുമാനിച്ചതിലൂടെ സര്‍ക്കാര്‍ സമീപനം സംഘ്പരിവാറിന് തുല്യമായിരിക്കുന്നു. സാമ്പത്തിക സംവരണം എന്ന ആശയം ഉയര്‍ത്തി നിലവിലെ സംവരണ സമ്പ്രദായം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. സംവരണം തകര്‍ക്കുക എന്നത് ആര്‍.എസ.എസ് വിഭാവന ചെയ്യുന്ന വര്‍ണാശ്രമധര്‍മ വ്യവസ്ഥയുടെ ആവശ്യമാണ്. ഇതിന് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ പ്രായോഗിക നടപടി സ്വീകരിച്ചത് സംവരണ അട്ടിമറിക്കുള്ള ആസൂത്രിത നീക്കമാണ്. ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ ഉറച്ച നിലപാടുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദത്തെ ഇതിലൂടെ സി.പി.എം സ്വയം റദ്ദുചെയ്തിരിക്കുന്നു.
രാജ്യത്ത് ആദ്യമായാണ് മുന്നാക്ക വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട സമുദായങ്ങള്‍ക്ക് അധികാര പങ്കാളിത്തത്തിനായാണ് ഭരണഘടന, സംവരണം വിഭാവന ചെയ്യുന്നത്. അധഃസ്ഥിത ജനതയെ കൂടുതല്‍ പിന്നാക്കം തള്ളാനാണ് സാമ്പത്തിക സംവരണം വഴിയൊരുക്കുക. മുന്നാക്ക സംവരണ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സംവരണ വ്യവസ്ഥ അട്ടിമറിച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ശക്തമായ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.