ആലുവ:ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു.റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് എടത്തല സ്വദേശി അബ്ദുറഹ്മാനാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.എന്നാല്‍,അടുത്തുനിന്നവര്‍ പിടിച്ചുമാറ്റിയതിനാല്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.ആലുവ സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് തനിക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതെന്നാണ് അബ്ദുറഹ്മാന്‍ പറയുന്നത്.
ഒരു വര്‍ഷവും മൂന്ന് മാസവുമായി തനിക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു.ഹൃദ്രോഗിയായ താന്‍ പുറമ്പോക്കിലാണ് താമസിക്കുന്നത്.പഴയ കാര്‍ഡും പുതിയ കാര്‍ഡുമുണ്ടെന്നും എന്നാല്‍ റേഷന്‍ കടയില്‍ പേരോ അഡ്രസോ ഒന്നുമില്ലെന്നും ഇദ്ദേഹം പറയുന്നു.
ഒരു വര്‍ഷം മുമ്പ് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും കംപ്യൂട്ടറില്‍ നിന്നും ഡാറ്റ നഷ്ടപ്പെട്ടതിനാല്‍ കാര്‍ഡ് ലഭിച്ചില്ല.പിന്നീട് നല്‍കിയത് എപിഎല്‍ കാര്‍ഡും.ഇതോടെ രോഗികളായ അബ്ദുറഹ്മാനും ഭാര്യക്കും ചികിത്സാ ആനുകൂല്യങ്ങള്‍ പോലും ലഭിക്കാതായി.
പുറമ്പോക്കില്‍ താമസിക്കുന്ന ആളാണെന്ന് വ്യക്തമാക്കി പഞ്ചായത്തില്‍ നിന്ന്  സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കുകയും നാലു തവണ അദാലത്തില്‍ പങ്കെടുക്കുകയും ചെയ്ത ശേഷം പുതിയ റേഷന്‍ കാര്‍ഡ് കിട്ടി.പിറ്റേന്ന് കളക്ടറെ കണ്ട് പേപ്പര്‍ വാങ്ങിച്ച് ആലുവ സപ്ലൈ ഓഫീസില്‍ എത്തിച്ചു.ഒരാഴ്ചയ്ക്കകം കാര്‍ഡിന്റെ കാര്യം ശരിയാക്കിത്തരാമെന്ന് മാസം ഒന്നു കഴിഞ്ഞിട്ടും അനക്കമില്ല.ഒടുവില്‍ സഹികെട്ടിട്ടാണ് പെട്രോളുമായി എത്തിയതെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
എന്നാല്‍ കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ കളക്ടറേറ്റില്‍ നിന്നുള്ള അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.