കൊച്ചി: നിപാ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി അടുത്തിടപഴകിയ രണ്ട് പേര്‍ക്കുകൂടി രോഗമില്ലെന്ന് സ്ഥിരീകരണം.രണ്ടുപേരുടെയും രക്തസാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.ഇതോടെ രോഗിയുമായി അടുത്തിടപഴകിയ 9 പേരില്‍ 8 പേര്‍ക്കും നിപ്പയില്ലെന്നു സ്ഥിരീകരണമായി.ഒരാളുടെ രക്തസാമ്പിള്‍ ഇന്നയച്ചിട്ടുണ്ട്.
ചികിത്സയിലുള്ള യുവാവിന്റെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധനയ്ക്ക് നല്‍കി.വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയാനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയില്‍ നിന്നുള്ള സംഘം പരിശോധന നടത്തുന്നത്. വൈറസ് ബാധയേറ്റ യുവാവുമായി ബന്ധമുണ്ടെന്ന് കരുതിയ 318 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും നേരിട്ടിടപഴകിയ 52 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഇവരെ പ്രത്യേകം നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ്.നിപയെ അതിജീവിക്കാനായത് വലിയ ആശ്വാസമാണെന്നും നിപയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടങ്ങിയതായും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.