ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി, കോച്ച് രവി ശാസ്ത്രി  തുടങ്ങിയവർക്കെതിരെ സുപ്രീം കോടതി നിയുക്ത കമ്മറ്റിയായ  കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേസ് നടപടിക്ക് ഒരുങ്ങിയേക്കും. ഇന്ത്യയുടെ ലോകക്കപ്പ് പ്രകടനത്തിലെ നിർണ്ണായക തീരുമാനങ്ങളെ ചോദ്യം ചെയ്യുകയാവും റിവ്യൂ മീറ്റിംഗിലെ കമ്മറ്റിയുടെ പ്രധാന ലക്ഷ്യം. കൂടാതെ അടുത്തവർഷം നടക്കാനിരിക്കുന്ന  ടി ട്വന്റി ലോകക്കപ്പ് ടീം സെലക്ഷൻ ചർച്ചയും കമ്മറ്റി ആവശ്യപ്പെടും എന്നറിയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ടീം സെലക്ഷനെ പറ്റിയും പ്രധാനമായും ന്യൂസിലന്റു
മായി നടന്ന സെമിഫൈനൽ മത്സരത്തിന്റെ നിർണ്ണായക തീരുമാനങ്ങളായിരിക്കും റിവ്യൂ കമ്മറ്റി ചോദ്യം ചെയ്യുക. മുൻനിര ബാറ്റസ്മാൻ അമ്പട്ടി റായുഡുവിനെ പതിനഞ്ചംഗ ടീമിൽ നിന്നും ഒഴുവാക്കിയതിന്റെ കാരണങ്ങളും കമ്മറ്റി അന്വേഷിക്കും എന്നറിയുന്നു.

ഏകദിന ക്രിക്കറ്റിൽ മോശം ഫോം തുടർന്ന വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത്, മാഞ്ചസ്റ്ററിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ എം എസ് ധോണിയുടെ ബാറ്റിങ് പൊസിഷൻ (ഏഴാമൻ), തുടങ്ങിയ ടീമിന്റെ നിർണ്ണായക തീരുമാനങ്ങളുടെ വിശദീകരണങ്ങളും കമ്മറ്റി ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 240 എന്ന ചെറിയ സ്കോറിനെ ചേസ് ചെയ്യാൻ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് റൺസിന് മൂന്ന് വിക്കറ്റ് എന്ന ദയനീയ നിലയിലായപ്പോഴും എം എസ് ധോണിയെ ഏഴാമനായി ബാറ്റ് ചെയ്യാനിറക്കിയത് ബാറ്റിംഗ് കോച്ച് സഞ്ജയ്‌ ബങ്കറിന്റെ നിർദേശമായിരുന്നു.കളിയുടെ എല്ലാ മേഖലകളിലും ടൂൺമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യ സെമിയിൽ ന്യൂസ്‌ലാൻഡിനോട് തോറ്റു പുറത്തായത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഞെട്ടലോടെയാണ് കണ്ടത്.