അബുദാബി:ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയില്‍ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയാവും.ഇസ്‌ളാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ 56 ഒ.എ.സി അംഗ രാഷ്ട്രങ്ങളും അഞ്ച് നിരീക്ഷക രാഷ്ട്രങ്ങളും പങ്കെടുക്കും.അതിഥി രാജ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. പാക്കിസ്ഥാന്‍ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യ പങ്കെടുക്കുന്നുവെങ്കില്‍ സമ്മേളനത്തിന് എത്തില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ വിദേശകാര്യ മന്ത്രി മഹ്മൂദ്ഖുറേഷി അറിയിച്ചിരുന്നു.തനിക്ക് ഒ.ഐ.സിയോടോ മറ്റു ഇസ്‌ലാമിക രാജ്യങ്ങളോടോ ഒരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ സുഷമ സ്വരാജ് പങ്കെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നുമാണ് ഖുറേഷി പറഞ്ഞത്.
കശ്മീര്‍ പ്രശ്‌നം സമ്മേളനത്തിലെ അജണ്ടയാകുമെന്ന് ഒ.ഐ.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യു.എ.ഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.