വാഷിങ്ടണ്‍:അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ എവിടെവെച്ച് എങ്ങനെയാണ് മരിച്ചതെന്ന് കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ബിന്‍ലാദനുശേഷം അല്‍ഖ്വയ്ദയെ നയിച്ചത് ഹംസയായിരുന്നു. 2018 -ല്‍ സൗദി അറേബ്യയെ ഭീഷണി പ്പെടുത്തിക്കൊണ്ടുള്ള ആഹ്വാനമാണ് ഹംസയുടേതായി അവസാനം പുറത്തുവന്നത്.
പാക്കിസ്ഥാനിലെ അബട്ടാബാദില്‍ 2011 -ല്‍ അമേരിക്ക നടത്തിയ സൈനിക നടപടികള്‍ക്കിടെയാണ് ബിന്‍ ലാദനും മകനായ ഖാലിദും കൊല്ലപ്പെട്ടത്. ഇളയ മകനായ ഹംസ അന്ന് രക്ഷപ്പെട്ടു. ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നത്.