തിരുവനന്തപുരം:സംസ്ഥാനത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യം ഉന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അടിയന്തിര ശസ്ത്രക്രിയ കാത്തു നില്‍ക്കുന്ന നിരവധി നിര്‍ദ്ധനരായ രോഗികളുടെ ജീവിതമാണ് കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം കാരണം ദുസ്സഹമായിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.
യുഡി എഫ് സര്‍ക്കാര്‍ കൊണ്ട് വന്ന സ്വപ്ന പദ്ധതിയായ കാരുണ്യ ബെനവലന്റ് ചികിത്സ പദ്ധതി വഴി സംസ്ഥാനത്തെ ലക്ഷകണക്കിന് സാധാരണക്കാര്‍ക്കാണ് ഇതുവരെ ആശ്വാസമെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്.സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള നിര്‍ദ്ധനരായ രോഗികള്‍ക്ക് യാതൊരു നിബന്ധനയും കൂടാതെ ചികിത്സാ തുക നല്‍കി വരുന്ന ഈ പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്.രോഗികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ 24 മണിക്കൂറിനകം രണ്ട് ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിക്കുന്നു എന്നതാണ് കാരുണ്യ പദ്ധതിയെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമാക്കിയിരുന്നതെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കി അതിന് പകരമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിിലുള്ളവരെ ഇന്‍ഷൂറന്‍സിന്റെ നൂലാമാലകളില്‍ കുടുക്കി ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ഇന്‍ഷൂറന്‍സ് നടപ്പിലാക്കുന്ന സ്വകാര്യ ഏജന്‍സികള്‍ സ്വീകരിക്കാന്‍ പോകുന്നത്. സ്വകാര്യ ഏജന്‍സികളുടെ ലാഭത്തിന് പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കുള്ള തീരുമാനത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്.ആഗസ്റ്റ് 1 ന് മാത്രം നിലവില്‍ വരുന്ന കേന്ദ്ര പദ്ധതിക്കായി ജൂലൈ മാസത്തില്‍ തന്നെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കത്തില്‍ പറഞ്ഞു.
സര്‍ക്കാറിന് യാതൊരു വിധ സാമ്പത്തിക ബാദ്ധ്യതയുമില്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴിയായിരുന്നു അനുകൂല്യം നല്‍കി വന്നിരുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിക്കൊണ്ട് തന്നെ കാരുണ്യ ബെനവലന്റ് പദ്ധതിയും നില നിര്‍ത്തണമെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെട്ടു.