കോട്ടയം: കെവിന്‍ കൊലക്കേസില്‍ വിധി ഇന്ന്.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിപറയുന്നത്. സംസ്ഥാനത്ത് ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട ആദ്യ കേസാണിത്.ആഗസ്ത് 14ന് വിധിപറയാനിരുന്ന കേസ് ‘ ദുരഭിമാനക്കൊല’ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ വീണ്ടും കോടതി വാദം കേള്‍ക്കുകയായിരുന്നു.
ദളിത് ക്രിസ്ത്യാനിയായ കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ പുനലൂര്‍ സ്വദേശി ചാക്കോയുടെ മകള്‍ നീനുവിനെ രജിസ്ട്രര്‍ വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2018 മെയ് 27ന് അതായത് വിവാഹത്തിന്റെ പിറ്റേദിവസം കെവിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും സുഹൃത്തിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു.28 ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറില്‍ കണ്ടെത്തി.കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, അച്ഛന്‍ ചാക്കോ എന്നിവരടക്കം 14 പേരാണ് പ്രതികള്‍.ഒന്‍പതുപേര്‍ ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്.