തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍.

കേരളത്തോട് മാത്രമാണ് ഇത്രയും വിവേചനമെന്നും പ്രധാനമന്ത്രി സംസ്ഥാനത്തെ പാടേ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ കണ്ടു നിവേദനം നല്‍കേണ്ട സാഹചര്യങ്ങളില്‍ അതിനുള്ള അവസരം ലഭിച്ചില്ല. ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ കേന്ദ്രം തയ്യാറാകണം.

കേരളത്തിലെ പല മേഖലകളിലേയും തകര്‍ച്ചയ്ക്ക് വഴിവെക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് ആരോപിച്ച മുഖ്യമന്ത്രി, റെയില്‍വേ വികസനത്തിന് ഭൂമി നല്‍കുന്നില്ലെന്ന ആരോപണം തെറ്റിദ്ധാരണ മൂലമാണെന്നും സൂചിപ്പിച്ചു.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വെള്ളിയാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നല്‍കാതിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് താത്പര്യമെങ്കില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ചുള്ള സര്‍വകക്ഷിയോഗത്തിലെ തീരുമാന പ്രകാരമാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ കേരളത്തിനാണ് ആനുപാതികമായി ഏറ്റവും കുറവ് റേഷന്‍ വിഹിതം ലഭിച്ചത്. 14.25 ലക്ഷം മെട്രിക് ടണ്‍ അരിയാണ് കേരളത്തിന്‍റെ ഭക്ഷ്യ വിഹിതം. രണ്ടു ലക്ഷം മെട്രിക് ടണ്‍ അരി കൂടി അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.