ഖത്തര്‍ ഭരണാധികാരിയുടെ ചിത്രം വരച്ചുകൊടുക്കാമെന്നു വാഗ്ദാനം ചെയ്തു അഞ്ചു കോടി തട്ടിയ മലയാളിയെ കേരളത്തില്‍ തന്നെ വിചാരണ ചെയ്യും

ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോക പ്രശസ്തരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ചു നല്കാമെന്നും പുരാവസ്തുക്കള്‍ രാജ്യത്തെ മ്യൂസിയത്തിലേക്ക് സംഘടിപ്പിച്ചു കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയതിന് അറസ്റ്റിലായ മലയാളിയെ വിദേശത്തേയ്ക്കു വിട്ടുകൊടുക്കില്ല.

ഇയാളെ കേരളത്തില്‍ തന്നെ വിചാരണ ചെയ്യുമെന്നാണ് അറിയുന്നത്. ഡല്‍ഹിയില്‍ നിന്ന് ഖത്തര്‍ എംബസ് അധികൃതര്‍ കേരളത്തിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തുമെന്നറിയുന്നു.

കൊടുങ്ങല്ലൂര്‍ സ്വദേശി സുനില്‍ മേനോനാണ് കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ഖത്തര്‍ മ്യൂസിയം ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷെഫീക്ക് കേരള പൊലീസിന് കൊടുത്ത പരാതിയെ തുടര്‍ന്നാണ് സുനില്‍ മേനോനെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ 10 പൂര്‍ണകായ ചിത്രങ്ങള്‍ ലോക പ്രശസ്ത ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ചു കൊടുക്കാമെന്ന് ഖത്തര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സണായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ ഇമെയില്‍ ചെയ്താണ് ഇയാള്‍ കബളിപ്പിച്ചത്.

ഖത്തറിലെ ഒരു കന്പനിയില്‍ ഓഡിറ്ററായിരുന്നു സുനില്‍. അവിടെ നിന്നു പിരിഞ്ഞശേഷം ഓണ്‍ലൈന്‍ ബിസിനസുകള്‍ നടത്തുകയായിരുന്‌നു. ഖത്തര്‍ മ്യൂസിയത്തിലേക്ക് പുരാവസ്തുക്കള്‍ നല്‍കാന്‍ പുരാവസ്തുക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ സിഡികള്‍ ആദ്യം ഇയാള്‍ മ്യൂസിയത്തിന് അയച്ചുകൊടുത്തു വിശ്വസിപ്പിച്ചു. 10 കോടി 10 ലക്ഷം രൂപയ്ക്കായിരുന്നു കരാര്‍.

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 5.05 കോടി രൂപ സുനില്‍ മേനോന്റെ കൊടുങ്ങല്ലൂരിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്ക് ഖത്തര്‍ ഭരണകൂടം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തത്. പിന്നീട് ഇയാള്‍ മുങ്ങിയതാണ് കേസിനു കാരണമായത്.