ബംഗളൂരു:ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം തിങ്കളാഴ്ച നടത്തുമെന്ന് ഐസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്‍ നിന്നാണ് വിക്ഷേപണം.ജൂലൈ 15ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാര്‍മൂലം മാറ്റിവെക്കുകയായിരുന്നു.
വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെച്ചത്.ജി.എസ്.എല്‍.വി. മാര്‍ക്ക്3 വിക്ഷേപണ റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍2 വിക്ഷേപിക്കുന്നത്.എന്നാല്‍ ജി.എസ്. എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്.ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് വിദഗ്ദ്ധര്‍ പറഞ്ഞത്.
വിക്ഷേപണത്തിന് തൊട്ടുമുമ്പ് സാങ്കേതികത്തകരാര്‍ കണ്ടെത്തിയത് ഐഎസ്ആര്‍ഒയുടെ സാങ്കേതിക മികവിനേയാണ് സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രനെ വലം വയ്ക്കാനുള്ള ഓര്‍ബിറ്റര്‍,ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ചാന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാന്‍ റോവര്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്രം ലാന്‍ഡര്‍ ലക്ഷ്യം വെക്കുന്നത്.