ബെംഗളൂരു:ചന്ദ്രയാന്‍ 2-ല്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ള ഭൂമിയുടെ ചിത്രങ്ങളാണ് ചന്ദ്രയാന്‍ രണ്ടിലെ ക്യാമറ പകര്‍ത്തിയത്.ചന്ദ്രയാന്‍ 2 പേടകത്തിന്റെ എല്‍14 ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.
ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സെന്ററില്‍നിന്നും വിക്ഷേപിച്ചത്. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റാണ് പേടകം വഹിച്ചത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ ഉള്ള ലാന്‍ഡര്‍, ഉപരിതലത്തില്‍ പര്യവേക്ഷണം നടത്താനുള്ള റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പേടകം. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.