ദീപികയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തവും, ശക്തവുമായ വേഷമാണ് ഛപാക് എന്ന ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തതു മുതല്‍ മലയാള സിനിമ ഉയരെ യിലെ പാര്‍വതിയുടെ കഥാപാത്രത്തോടാണ് സോഷ്യല്‍ ലോകം ദീപികയെ താരതമ്യം ചെയ്യുന്നത്. ഉയരെയില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവിയെന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. അവര്‍ ആ വേഷം അവിസ്മരണീയമാക്കിയിരുന്നു. പാര്‍വതിയുമായുള്ള താരതമ്യപ്പെടുത്തലുകള്‍ക്ക് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ദീപിക മറുപടി പറഞ്ഞിരിക്കുകയാണ്. താരതമ്യപ്പെടുത്തലുകള്‍ അണിയറപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. ”ഒരോരുത്തരും വ്യത്യസ്ത രീതികളിലായിരിക്കും ഇത് പറയുന്നത്. മറ്റൊരാള്‍ ലക്ഷ്മിയെക്കുറിച്ചോ അല്ലെങ്കില്‍ ആസിഡ് ആക്രമണത്തെക്കുറിച്ചോ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചേക്കാം, ഓരോ സിനിമയ്ക്കും വ്യത്യസ്ത അവതരണം ഉണ്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അതൊരു നല്ല കാര്യമാണെന്ന് എനിക്കു തോന്നുന്നു.” ദീപിക പറയുന്നു. സിനിമ വളരെ ശക്തമായ ഒരു മാധ്യമമാണ്. അതിനാലാണ് ഞങ്ങള്‍ ഈ കഥ പറയാന്‍ തിരഞ്ഞെടുത്തത്. ആസിഡ് ആക്രമണം മാത്രമല്ല പീഢനം, മറ്റു വിഷയങ്ങളൊക്കെ സിനിമയിലൂടെ സംസാരിക്കുന്നുണ്ട്. ഒരേ വിഷയത്തില്‍ നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. അതിനാല്‍ ആശങ്കകളൊന്നുമില്ല. ദീപിക വ്യക്തമാക്കുന്നു. ചിത്രം ജനുവരി 10 നാണ് തീയറ്ററുകളിലെത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഛപാക്. ചിത്രത്തില്‍ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.