ന്യൂഡല്‍ഹി:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിലെ ജനങ്ങളെ താങ്ങിനിര്‍ത്താന്‍ ലോകമെമ്പാടുനിന്നും സഹായം ഒഴുകിക്കൊണ്ടിരിക്കുകയാണ്.സുപ്രീം കോടതി അഭിഭാഷകരും പ്രളയബാധിതര്‍ക്ക് സഹായവുമായി രംഗത്തുണ്ട്.സുപ്രീംകോടതി ജഡ്ജിമാര്‍ നേരത്തെ 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
ഇപ്പോള്‍ ദുരിതബാധിതര്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ ശേഖരിക്കാനും അഭിഭാഷകര്‍ മുന്നിട്ടിറങ്ങുന്നു.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒരു കാര്‍ട്ടന്‍ ബ്ലാങ്കറ്റും മൂന്ന് കാര്‍ട്ടണ്‍ ബിസ്‌കറ്റുകളും ദുരിതബാധിതര്‍ക്കായി നല്‍കി.
സാധനങ്ങള്‍ ശേഖരിക്കുന്നതിനായി സുപ്രീംകോടതിക്ക് മുന്നില്‍ തയ്യാറാക്കിയ പന്തലിലെത്തിയാണ് ചീഫ്ജസ്റ്റിസ് സാധനങ്ങള്‍ കൈമാറിയത്.
ജസ്റ്റിസ് കുര്യന്‍ ജോസഫ്,ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസ് രാജേന്ദ്രമേനോന്‍ എന്നിവരും ക്യാമ്പിലെത്തി സാധനങ്ങള്‍ കൈമാറി.മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി 50 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.