കൊച്ചി:പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റില്‍. സൂരജുള്‍പ്പെടെ നാലുപേരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. നിര്‍മ്മാണക്കമ്പനി എംഡി സുമിത്‌ഗോയല്‍,കിറ്റ്‌കോ മുന്‍ എംഡി ബെന്നിപോള്‍,ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പിഡി തങ്കച്ചന്‍ എന്നിവരാണ് സൂരജിനൊപ്പം അറസ്റ്റിലായത്.അഴിമതി വഞ്ചന ഗൂഡാലോചന ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.ടി ഒ സൂരജ് അടക്കം നാല് പ്രതികളെയും വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. സ്പീഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും പാലത്തിന്റെ പൈലിങ് പണിക്കുമുന്നേ തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയെന്നാണ് സൂരജ് പറഞ്ഞത്. എന്നാല്‍ സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നപ്പോഴാണ് പാലം നിര്‍മാണത്തിന്റെ പണികള്‍ക്ക് തുടക്കമിട്ടതെന്ന് ടെന്‍ഡര്‍ നടപടികളെക്കുറിച്ച് സൂരജിന് അറിയാമെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.പാലത്തിന്റെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയത് സൂരജിന്റെ കാലത്തായിരുന്നുവെന്നും രൂപകല്‍പ്പനയില്‍ ഗുരുതര പിഴവുണ്ടെന്ന് വിദ്ഗ്ധര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു.

2014-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടത്ത് മേല്‍പ്പാലം അനുവദിച്ചത്.കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ നിര്‍മ്മാണച്ചുമതല വഹിച്ച പാലത്തിന്റെ നിര്‍മ്മാണച്ചുമതല
ആര്‍ഡിഎസ് പ്രോജക്ടിനെ ഏല്‍പ്പിച്ചു.കിറ്റ്‌കോയായിരുന്നു പ്രൊജക്ട് കണ്‍സള്‍ട്ടന്റ്.
2014 സെപ്റ്റംബര്‍ 1-ന് 42 കോടി ചെലവില്‍ നിര്‍മ്മാണം തുടങ്ങിയ പാലം 2016 ഒക്ടോബര്‍ 12-ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.എന്നാല്‍ 2017 ജൂലൈയിലാണ് പാലത്തില്‍ കുഴികളുണ്ടായതായി കണ്ടെത്തി.പാലാരിവട്ടം സ്വദേശി കെ.വി.ഗിരിജന്‍ ഇതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്കു പരാതി നല്‍കി.മന്ത്രിയുടെ നിര്‍ദേശപ്രകാരം കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അന്വേഷണം നടത്തിയെങ്കിലും സ്പാനിന് അടിയിലുളള ബെയറിംഗിനുണ്ടായ തകരാര്‍ മൂലം താല്‍ക്കാലിക താങ്ങ് നല്‍കിയെന്നായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം.
എന്നാല്‍ 2018 സെപ്റ്റംബറില്‍ പാലത്തില്‍ ആറിടത്ത് വിളളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതു വഴി ഗതാഗതം നിയന്ത്രിച്ചു.മദ്രാസ് ഐ.ഐ.ടി പാലത്തിന്റെ ബലക്ഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പാലത്തിന്റെ ബലക്ഷയം പരിശോധിച്ചിരുന്നു.പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് മേയ് 3 ന് മന്ത്രി ജി സുധാകരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും സൂരജ് അടക്കമുള്ള ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതും.

.