ദുബായ്:ഭാര്യ പ്രസവിച്ചത് നാലു പെണ്‍മക്കളെയാണെന്നതിന്റെ പേരില്‍ കുടുംബത്തെയെന്നാകെ ദുബായില്‍ ഉപേക്ഷിച്ച് പ്രവാസി മലയാളി വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് മുങ്ങി.അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ലാറ്റില്‍ ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ സ്വദേശിനിയായ ഫാത്തിമയും മക്കളും അധികൃതരുടെ കനിവ് തേടുകയാണ്.പാസ്‌പോര്‍ട്ടും വിസയുമില്ലാതെയാണ് ഇരുപത് വര്‍ഷത്തോളമായി ഇവര്‍ ഗള്‍ഫില്‍ കഴിയുന്നത്.അതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്കു തിരികെപ്പോകാനുമാവുന്നില്ല.
1991 ല്‍ ജോലിക്കായി ദുബായില്‍ എത്തിയ ഫാത്തിമ 94 ലാണ് പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുല്‍ സമദിനെ വിവാഹം കഴിച്ചത്.മക്കള്‍ ജനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.നാലു കുട്ടികളും പെണ്‍മക്കളായതോടെ അബ്ദുള്‍ സമദ് ഭാര്യയെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാലാമത്തെ കുട്ടി ആണാകുമെന്നു കരുതിയെങ്കിലും അബ്ദുള്‍ സമദിന്റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടി ജനിച്ചതോടെ ഫാത്തിമയെ ഉപദ്രവിച്ചശേഷം രണ്ടാഴ്ച തികയും മുമ്പ് അയാള്‍ നാട് വിടുകയായിരുന്നെന്ന് ഫാത്തിമ പറയുന്നു.
നാട്ടിലെത്തിയ ശേഷം ഒരുതവണ സമദ് വിളിച്ച് തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഇനി ദുബായിലേക്ക് ഇല്ലെന്നും അറിയിച്ചതായി ഫാത്തിമ പറയുന്നു.20 വയസ്സുള്ള മൂത്ത കുട്ടി ഉള്‍പ്പെടെ ആരും ഇതുവരെ സ്‌കൂളില്‍ പോലും പോയിട്ടില്ല.അറബികളുടെ വീട്ടില്‍ ജോലി ചെയ്താണ് ഫാത്തിമ മക്കളെ പോറ്റുന്നത്.ശ്രീലങ്കയിലേക്കു തിരിച്ചു പോകാന്‍ അധികൃതര്‍ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.