തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്തു വാങ്ങുന്ന കാര്‍ വേണ്ടെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. കോണ്‍ഗ്രസില്‍ തന്നെ എതിര്‍ സ്വരങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം.പിരിവു നടത്തി കാര്‍ വാങ്ങേണ്ട കാര്യമില്ലായിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി അധ്യക്ഷന്റെ അഭിപ്രായം അംഗീകരിക്കുന്നുവെന്നാണ് രമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാരും പിരിവെടുക്കുന്ന കാര്യത്തില്‍ പിന്നോട്ടുപോയി. തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് വ്രതവും ശപഥവുമാണെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രമ്യ ഹരിദാസ് എംപിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് ചുവടെ:
എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം ഞാന്‍ കെപിസിസി പ്രസിഡണ്ടിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നു.
എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക്
ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല .നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവന്‍ പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കല്‍പ്പമെങ്കിലും അശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളില്‍ ആണ്.അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.