ബ്രസീൽ :ഭൂമിയുടെ ശ്വാസകോശമായ ആമസോൺ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അറ്റിബോയയിൽ ആണ് സംഭവം. അക്രമികളെ പിടികൂടിയിട്ടില്ല.

പ്രകൃതി ചൂഷണത്തിനെതിരെ പ്രവർത്തിച്ചു വന്ന, ലോബോ എന്ന് വിളിപ്പേരുള്ള ഈ ചെറുപ്പക്കാരന്റെ മരണം വലിയ വിവാദമാണ് ബ്രസീലിൽ ഉണ്ടാക്കിയിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബൊൽസുനാരോയുടെ ഗോത്ര വിരുദ്ധ പരാമർശങ്ങളാണ് പൗലിനോയുടെ മരണത്തിന് കാരണമെന്നാണ് ഗോത്ര സംഘടന പറയുന്നത്.

ബ്രസീലിൽ 20,000ത്തോളം ജനസംഖ്യയുള്ള ഗുജജാരാസ് എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു പൗലിനോ. ഇദ്ദേഹം രൂപീകരിച്ച ‘ഗാർഡിയൻസ് ഒഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ വനസംരക്ഷക ഗ്രൂപ് അപൂർവമായ മരങ്ങളാൽ സമ്പന്നമായ ആമസോൺ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളിൽ നിന്ന് രക്ഷിക്കാൻ 2012ലാണ് രൂപം കൊണ്ടത്. മുപ്പത് വയസ് പിന്നിട്ടിട്ടില്ലാത്ത പൗലോയ്‌ക്ക് ഒരു മകനുണ്ട്. അടുത്തിടെ നടന്ന ആമസോൺ വനനശീകരണത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പൗലിനോയുടെ ഗോത്രവിഭാഗം നടത്തിയത്.

പൗലിനോയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ജനതയുടെ ശബ്ദവും ആ ജനത പ്രകൃതിക്കൊരുക്കിയ കവചവുമാണ്.

മരങ്ങൾ വെട്ടി മുറിച്ച് വിൽക്കാൻ വന്നവരുടെ തോക്കിൽ നിന്നും പാറിയ ഇരുമ്പുണ്ട പൗലോയുടെ നെറ്റി പിളർന്ന് പുറത്ത് വരുകയായിരുന്നു.

വീണ്ടും വീണ്ടും കാടുകൾ നശിപ്പിക്കപ്പെടുമ്പോൾ, പൗലോയെ പോലുള്ള പ്രകൃതിസ്നേഹികൾ മരണപ്പെടുന്നതിൽ ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

പ്രിയപ്പെട്ട പൗലോ, ഈ ചെറുത്തു നിൽപ് നിന്നിൽ അവസാനിക്കും എന്ന് കരുതിയ നിന്റെ ഘാതകർക്ക് തെറ്റി പോയി. നീ എന്തിന് വേണ്ടിയാണോ ജീവൻ നൽകിയത്, ആ സന്ദേശം ഈ ലോകം ഏറ്റെടുക്കും. അല്ലെങ്കിൽ പിന്നെ മനുഷ്യൻ എന്ന പദത്തിന് എന്തർത്ഥമാണുള്ളത്?

ആകാശത്തിലിരുന്ന് ഒരു കുഞ്ഞു നക്ഷത്രമായി നീയത് കാണും…..

പൗലോ പോളിനോ…. റസ്റ്റ്‌ ഇൻ പീസ്….

ഡോ. ഷാനവാസ് എ ആർ