മുസഫര്‍പൂര്‍:ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച ഇതുവരെ മരിച്ചത് 93 കുട്ടികള്‍.രോഗലക്ഷണങ്ങളോടെ നിരവധി കുട്ടികള്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്.ജൂണ്‍ ഒന്നു മുതല്‍ 197 കുട്ടികളെയാണ് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം 119 കുട്ടികളാണ് ചികില്‍സ തേടിയത്.മരിച്ച കുട്ടികളില്‍ ഭൂരിപക്ഷവും പത്തുവയസ്സില്‍ താഴെയുള്ളവരാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമാണ് കുട്ടികളുടെ മരണത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജും കേജ്രിവാള്‍ മൈത്രിസദന്‍ ആശുപത്രിയും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളടങ്ങിയ 7 അംഗ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജീകരിക്കണമെന്നും ഇവരുടെ രക്തം പരിശോധിക്കാനായി പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.