ദില്ലി:പൗരന്റെ മൗലീകാവകാശത്തിനും സ്വകാര്യതക്കും മേലെ
കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം.രാജ്യത്തെ ഓരോ പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാവും.ഇതിനായി പത്ത് ഏജന്‍സികളെ നിയോഗിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രാജ്യത്തുള്ള എല്ലാ കമ്പ്യൂട്ടറുകളിലും സ്യഷ്ടിയ്ക്കപ്പെട്ടതോ ശേഖരിയ്ക്കപ്പെട്ടതോ വിനിമയം ചെയ്യപ്പെട്ടതോ ആയ രേഖകള്‍ നേരിട്ടോ സാങ്കേതിക മാര്‍ഗ്ഗങ്ങളിലൂടെയോ ശേഖരിയ്ക്കാനും പരിശോധിക്കാനും നിരിക്ഷിയ്ക്കാനും ഉത്തരവ് അവകാശം നല്‍കുന്നു.ഐ റ്റി ആക്ട് 69(1) പ്രകാരം പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ക്ക് തടസ്സം നിന്നാല്‍ 7 വര്‍ഷം കഠിനതടവും പിഴയും ആണ് ശിക്ഷ.
ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ്, ഡല്‍ഹി പോലിസ്, സി.ബി.ഐ, റവന്യു ഇന്റലിജന്‍സ്, എന്‍,ഐ,എ,ക്യാബിനറ്റ് സെക്രട്ടെറിയറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗനല്‍ ഇന്റലിജന്‍സ്, പോലിസ് കമ്മിഷണര്‍ ഡല്‍ഹി എന്നിവയാണ് നിരീക്ഷണത്തിനു ചുമതലപ്പെടുത്തിയ പത്ത് ഏജന്‍സികള്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അനിവാര്യമായതിനാലാണ് ഇത്തരം ഒരു തിരുമാനം എന്നും ഉത്തരവ് വിശദീകരിയ്ക്കുന്നു.ഉപഭോക്താവും സേവന ദാതാവും പരിശോധനയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നുള്ള നിര്‍ദേശവും ഉത്തരവിന്റെ ഭാഗമാണ്.
അതേസമയം ഉത്തരവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.ലോക് സഭയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.