ദുബായ്:ഇന്ത്യയെ രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി വിഭജിക്കുന്ന സാഹചര്യമാണുള്ളതെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രവാസികളുടെ സഹായമില്ലാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാനാകില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തു. തൊഴിലില്ലായ്മ നിര്‍മാര്‍ജനം ചെയ്യാനും പ്രവാസികള്‍ക്കു കഴിയുമെന്നും രാഹുല്‍ പറഞ്ഞു. ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ രാഹുലിനെക്കാണാന്‍ എത്തിയിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ദുബായിലെത്തിയ രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കിയിരുന്നു.ഇന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ,മിലിന്ദ് ദിയോറ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ പ്രധാനമന്ത്രിയുയെ കാണാനെത്തിയത്.11.30ഓടെ രാഹുല്‍ ജബല്‍ അലിയിലെ ലേബര്‍ ക്യാമ്പും സന്ദര്‍ശിച്ചു.
വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയെന്നതും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ലക്ഷ്യമാണെന്നും ഇവ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉമ്മന്‍ചാണ്ടി, കെ.സുധാകരന്‍,കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാപ് ചെയ്യുന്നുണ്ട്.