ന്യൂഡല്‍ഹി:അന്തരിച്ച മുന്‍ പ്രധാനമന്ത്രി ടല്‍ ബിഹാരി വാജ്പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ നടക്കും.
6 A കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം
ഇപ്പോള്‍ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി ജെ പി ദേശീയ ആസ്ഥാനത്ത് കൊണ്ടുവന്നു.ഒരുമണിയോടെ വിലാപയാത്ര ആരംഭിക്കും.നാലുമണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കും.മുന്‍പ്രധാനമന്ത്രി ഐ കെ ഗുജ്റാളിന്റെ അന്ത്യവിശ്രമസ്ഥലവും സ്മൃതി സ്ഥലില്‍ ആണ്.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന,കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്,മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്,മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി,മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി,മുരളി മനോഹര്‍ ജോഷി,കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്,സുഷമാ സ്വരാജ്,ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്,ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി ഒട്ടേറെ നേതാക്കള്‍ എ.ബി.വാജ്പേയിക്ക് നേരിട്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
വാജ്പേയിയുടെ വിയോഗം ഒരു യുഗത്തിന്റെ അവസാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.ഇന്ത്യയ്ക്ക് മഹാനായ പുത്രനെ നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.ഇന്ത്യയുടെ വികസനം സ്വപ്നം കണ്ട വ്യക്തിയായിരുന്നു വാജ്പേയിയെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് 5.05 ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു വാജ്പേയിയുടെ അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജൂണ്‍ 11 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.