തിരുവനന്തപുരം:പ്രളയദുരിതത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍.എലിപ്പനിക്കെതിരെ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതേവരെ 54 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 92 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി ആശുപത്രികളിലെത്തി.ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവരും ഏതെങ്കിലും രീതിയില്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.മലിനജല സമ്പര്‍ക്കമുണ്ടായാല്‍ പ്രതിരോധഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.തുടക്കത്തില്‍ത്തന്നെ പ്രതിരോധമരുന്ന് കഴിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം മരണംവരെ സംഭവിക്കാമെന്നതിനാലാണ് ചികിത്സയുടെകാര്യം ഗൗരവത്തിലെടുക്കണമെന്ന് പറയുന്നത്.ശക്തമായ പനി,തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന മുന്നറിയിപ്പുണ്ട്.ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് പടരുന്നതെന്നതിനാല്‍ മരണ നിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
കോഴിക്കോട്,തൃശൂര്‍,പാലക്കാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളിലാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.പ്രളയക്കെടുതിമൂലം ഒറ്റപ്പെട്ടുപോയതും മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്തതുമായ പ്രദേശങ്ങളില്‍ അടിയന്തരമായി 260 താല്‍ക്കാലിക ആശുപത്രികള്‍ ആരംഭിച്ചുവെന്ന് മന്ത്രി പറഞ്ഞു.എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജക്കിക്കിയിട്ടുണ്ട്.പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിനും ചികില്‍സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.