ചെന്നൈ:സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍.തമിഴ്നാട്ടിലെ അരവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് കമല്‍ ഹാസന്റെ പരാമര്‍ശം.
‘ഇവിടെ മുസ്ലീം ഭൂരിപക്ഷപ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്.മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഞാനിക്കാര്യം പറയുന്നത്.. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്.. അയാളുടെ പേര് നാഥുറാം ഗോഡ്സെ. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കും’.കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. കമലിനെ അറസ്റ്റ് ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള തന്ത്രമാണ് പ്രസ്താവനയ്ക്കു പിന്നിലെന്നും ഭീകരനെയും കൊലപാതകിയെയും കമലിനു തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ നടത്തുന്നതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴ്‌സൈ സൗന്ദര്‍രാജന്‍ പറഞ്ഞു.