റിയാദ്:ഇടത് എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ അറസ്റ്റിലായി.ഹവാല പണമിടപാടുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയുടെ മകന്‍ ടി.പിഷബീറും മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളിയും പിടിയിലായത്.സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇവര്‍ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം.എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
പി.ടി.എ റഹീം എംഎല്‍എ ഉപയോഗിക്കുന്ന കാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി നല്‍കിയതാണെന്ന് മുന്‍പ് ആരോപണമുയര്‍ന്നിരുന്നു.എം.എല്‍.എയ്ക്ക് അനധികൃത പണമിടപാടുകള്‍ ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കൊടുവള്ളി മുസ്ലിം ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സി.പി.എം സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയ്ക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനമായിരുന്നു. ഇതിന് പിന്നിലും പി.ടി.എ റഹീമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
എം.എല്‍.എയെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും സി.പി.എം നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്.എംഎല്‍എയുടെ സാമ്പത്തിക ശ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.