ണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു എന്നറിഞ്ഞപ്പോൾ അയാൾ  അതിശയിച്ചു .വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞതുകേട്ടയാൾ ഞെട്ടി .താൻ കേട്ടത് ശരി തന്നെയാണോ എന്നയാൾ സംശയിച്ചു .കസേര പുറകോട്ടു നീക്കി അയാൾ പതുക്കെ എണീറ്റു.
വാതിൽക്കലെത്തിയപ്പോൾ ഒരു ശബ്ദമായാളെ തടഞ്ഞു .’ഒന്ന് നിൽക്കൂ..’ ആദ്യം നിന്നു പിന്നെ പതിയെ അയാൾ തിരിഞ്ഞു.’ഒന്നാം പ്രതിക്കും നിങ്ങൾക്കും ഒരേ വക്കീലാണ് അല്ലെ’ ?മുഴുവൻ ചോദ്യം ചെയ്യലിലും പങ്കെടുത്തിട്ടും അതുവരെ  ഒരു ചോദ്യം പോലും ചോദിക്കാത്ത ഉദ്യോഗസ്ഥനാണ് ചോദിക്കുന്നത് .
‘പറയൂ…’ ശബ്ദമൊന്നു കടുത്തുവോ .
അതെ  എന്ന് പറഞ്ഞ മറുപടി  ശബ്ദം തൊണ്ടയിൽ നിന്നും പുറത്തു വന്നില്ല .കുഴഞ്ഞോ ദൈവമേ…ദയനീയമായി അയാൾ മുറിയിലുണ്ടായിരുന്ന എല്ലാവരെയും നോക്കി . ‘മറുപടി പറയൂ?’ ആ ശബ്ദത്തിലെ ദൃഢത അയാളെ ഭയപ്പെടുത്തി .
‘അതെ’ വല്ലവിധേനയും പറഞ്ഞൊപ്പിച്ചു . അയാൾ വിയർത്തു തുടങ്ങി .കാലുകൾ വിറയ്ക്കുന്നുമുണ്ട് .
‘ബാഗേജ്  വിട്ടുകിട്ടാൻ ഇടപെടണം എന്നവൾ തന്നോട് പറഞ്ഞിട്ട് താൻ ആ വിഷയത്തിൽ ഇടപെട്ടില്ല എന്നല്ലേ പറഞ്ഞത് ‘ . ‘അപ്പൊ അതിൽ അണ്ടിപ്പരിപ്പും ഈന്തപ്പഴവുമൊന്നുമല്ല എന്ന് നിനക്കറിയാമായിരുന്നു അല്ലെ ?’
താൻ കുഴഞ്ഞു വീണുപോകും എന്ന് തന്നെ അയാൾ  കരുതി. വീഴാതിരിക്കാൻ അയാൾ വാതിലിൽ പിടിച്ചു . മറുപടിയില്ലാതെ അവിടെത്തന്നെ അയാൾ നിന്നു .
‘ആ …പൊയ്ക്കോ’കാലുകൾ  മരവിച്ചതിനാൽ അയാൾ അങ്ങനെ തന്നെ നിന്നു . ‘ഇറങ്ങി പോടാ …’ എന്ന ആക്രോശം അയാളെ ഉണർത്തി .എങ്ങനെയൊക്കെയോ വാതിൽ തുറന്നയാൾ പുറത്തിറങ്ങി .ആത്മാവിൽ നിന്നും പുറപ്പെട്ട ഒരു നെടുവീർപ്പ്  അയാളുടെ  വായ വഴി പുറത്തുവന്നു .  പതുക്കെയാണയാൾ നടന്നത്.ഭാവപ്പകർച്ചയൊന്നും കാട്ടാതെ കാറിലേക്ക് കയറി ഡോറടച്ചപ്പോൾ ഡ്രൈവറുടെ ചോദ്യം ‘എന്തായി സാർ ‘?.
‘ഹോ ….രക്ഷപ്പെട്ടു’ . 

– ദൃക്‌സാക്ഷി