വിവിയൻ റിച്ചാർഡ്സും കൂട്ടരും അവശേഷിപ്പിച്ചു പോയ കരീബിയൻ ലെഗസിയെ ഒറ്റക്ക് ചുമലിലേറ്റണ്ടി വന്നവനായിരുന്നു ലാറ ,റിച്ചാർഡ്സിനേക്കാൾ പ്രതിഭ കൊണ്ടനുഗ്രഹിക്കപ്പെട്ട ലാറ കരീബീയൻ ക്രിക്കറ്റിൻ്റെ മിശിഹായാകുമെന്ന് ദ്വീപുകാർ വിശ്വസിച്ചിരുന്നു. ഡെയ്സ്മണ്ട് ഹെയ്ൻസും ,ഗോർഡൻ ഗ്രീനിജും, മാർക്കം മാർഷും, ആൻടി റോബർട്സും അടങ്ങിയ കരീബിയൻ ഓർക്കസ്ട്രയിൽ ലവലേശം സമ്മർദ്ദമില്ലാതെ പാടാൻ കഴിയുന്ന ഗായകനായിരുന്നു റിച്ചാർട്സ്, ലാറയുടെ വിൻഡീസ് അതല്ലായിരുന്നു.
  ഗതകാല പ്രതാപങ്ങളെല്ലാം അസ്തമിച്ചൊടുക്കുമ്പോൾ അധികാരമേറ്റ യുവരാജാവിൻ്റെ അവസ്ഥയായിരുന്നു ലാറക്ക്. ഒന്നര ദശാബ്ദക്കാലം നീണ്ടു നിന്ന കരിയറിനെ ലോകകിരീടങ്ങളെന്ന ആടയാഭരണം കൊണ്ടലങ്കരിക്കാൻ കഴിഞ്ഞില്ലെങ്കിലും, സിരകളിൽ ഇരമ്പിയാർക്കുന്ന കാലിപ്സോതാളത്തിനൊപ്പം ചുവട് വച്ച് കരീബിയൻ ക്രിക്കറ്റിൻ്റെ വന്യതയും വശ്യതയും സമന്വയിപ്പിച്ച നിരവധി ഇന്നിംഗ്സുകൾ, നിർഭാഗ്യം അകമ്പടി സേവിച്ച ആ കരിയറിലുടനീളം നമ്മൾ കണ്ടു.അസമാന്യമായ ഫുട് വർക്കും ബോളിനെ ജഡ്ജ് ചെയ്യാനുള്ള ശേഷിയും. സ്വ ക്വയറിലൂടെയും ഫൈൻ ലെഗ്ഗിലൂടെയും ഉതിർത്ത ഷോട്ടുകളുടെ ക്ലാസും മാസും ഇന്നും വേറോരു കളിക്കാരനും സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല
ഒന്നര പതിറ്റാണ്ടിലേറേ നീണ്ട ക്രിക്കറ്റ് ജീവിതത്തിന് വിരാമമിടുമ്പോൾ റെക്കാഡുപുസ്തകത്തിൻ്റെ താളുകളിൽ പലയിടത്തും തൻ്റെ പേരു ചേർത്തു വച്ചിട്ടാണ് ലാറ പടിയിറങ്ങിയത്. ഒപ്പം അവിസ്മരിണിയമായ നിരവധി ഇന്നിംഗ്സുകളും മാത്യു ഹെയ്ഡൻ്റെ 380 നെ തകർത്തെറിഞ്ഞു നേടീയ ടെസ്റ്റ് ചരിത്രത്തിലെ ഏക ക്വാഡ്രപ്പിൽ സെഞ്ച്വറി ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.  
വേഗതയിൽ 10000 റൺസ് നേടിയ താരം
ഡബിൾ സ്വെഞ്ചറികളിൽ ബ്രാഡ്മാനിൽ പിന്നിൽ രണ്ടാമൻ.
ബാറ്റിംഗ് ദുഷ്കരമായ സിഡ്‌നിയിലെ 277 റൺസ്.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സായി വാഴ്ത്തപ്പെടുന്ന ബാർബടോസിലെ 153 റൺസ്.
96 ലെ വേൽഡ് കപ്പിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ നേടിയ 118 റൺസ് അങ്ങനെ ക്രിക്കറ്റ്ആസ്വാദകരുടെ ഹൃദയങ്ങളെ ഇന്നും ത്രസിപ്പിക്കുന്ന നിരവധി ഇന്നിംഗ്സുകൾ.

ഇതിഹാസതുല്യമായ കരിയറിന് വിരാമമിടുന്ന വേളയിൽ നിലക്കാത്ത ആരവമുയർത്തിയ ഗാലറിയോട് കണ്ണുനീരിൽ കുതിർന്ന ചിരിയോടെ ലാറ ചോദിച്ച വാചകം  Did i entertained You, ലോക ക്രിക്കറ്റിൽ ആ ചോദ്യം ചോദിക്കാൻ ഏറ്റവും അർഹതയുള്ളയാളും അയാളാണ്
Happy Birthday Brian Charles Lara
തയ്യാറാക്കിയത്.

സജ്നു സലാം