സിനിമാപ്രേമികളെ നിരാശയിലാക്കി മികച്ച വിദേശ ചിത്രത്തിന്റെ ഓസ്‌കര്‍ പട്ടികയില്‍ നിന്നും ജല്ലിക്കട്ട് പുറത്തായിരിക്കുകയാണ്. അവസാന സ്‌ക്രീനിങ്ങിലാണ് ചിത്രം പുറത്താകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം വലിയ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 15 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ജല്ലിക്കെട്ടിന് ഇടം നേടാനായില്ല. 93 ചിത്രങ്ങളാണ് ഈ പട്ടികയിലെത്താതെ പോയത്. ലിജോയിലൂടെ ഇന്ത്യയിലേക്കും മലയാളത്തിലേക്കും ഒരു ഓസ്‌കാര്‍ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികൾ . എന്നാല്‍ ആ കാത്തിരിപ്പ് വെറുതെയായിരിക്കുകയാണ്.

ഓസ്‌കാര്‍ വേദിയിലെത്താന്‍ സാധിച്ചില്ലെങ്കിലും ജല്ലിക്കെട്ടിന്റെ നേട്ടത്തെ മലയാളസിനിമ അഭിമാനത്തോടെ തന്നെയാണ് കാണുന്നത്. 2011 ന് ശേഷം  ഓസ്‌കാറിന് അയയ്ക്കുന്ന ആദ്യമാലയാളചിത്രമാണിത്. തിയേറ്ററിലെത്തും മുമ്പ് തന്നെ അന്താരാഷ്ട്രചലച്ചിത്രവേദികളില്‍ ജല്ലിക്കട്ട് ശ്രദ്ധ നേടിയിരുന്നു. 2019-ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള, ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അമ്പതാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചിത്രത്തിലൂടെ ലിജോ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരവും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.