പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു.ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. ‘വാശി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ് കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.അച്ഛന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ മകളായ കീര്‍ത്തി നായികയായെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘വാശി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യമാറ ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2017-ല്‍ പുറത്തിറങ്ങിയ മാച്ച് ബോക്‌സ് ആണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ പുറത്തിറങ്ങിയ അവസാനച്ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷമാണ് കീര്‍ത്തി ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്.