പുതുപ്പള്ളിക്കാർ ഇന്ന് ബൂത്തിലേക്ക്.മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനും ജെയ്ക്ക് തോമസുമാണ് നേർക്ക് നേർ.




കോട്ടയം :- പരസ്യ പ്രചാരണം അവസാനിച്ച് ഒരുദിനം കഴിഞ്ഞ് പുതുപ്പള്ളി ഇന്ന് ബൂത്തിലേക്ക്. മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പു പോളിങ്ങ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. ഇന്നു നിശ്ശബ്ദ പ്രചാരണം. പരസ്യപ്രചാരണം അവസാനിച്ചതോടെ പുറത്തുനിന്നുള്ള നേതാക്കൾ മണ്ഡലം വിട്ടു. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.

യുഡിഎഫിനുവേണ്ടി ചാണ്ടി ഉമ്മനും എൽഡിഎഫിനുവേണ്ടി ജെയ്ക് സി.തോമസും എൻഡിഎക്കു വേണ്ടി ജി.ലിജിൻ ലാലുമാണു മത്സരിക്കുന്നത്. ബി ജെ പിക്ക് കാര്യമായ സ്വാധീനം മണ്ഡലത്തിലില്ല.ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസ് ഉൾപ്പെടെ 4 പേർ കൂടി മത്സരരംഗത്തുണ്ട്. മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടർമാരാണുള്ളത്. .മിനിഞ്ഞാന്ന് വൈകിട്ട് 6നു പരസ്യപ്രചാരണം അവസാനിച്ചു. 3 മുന്നണികളും പാമ്പാടിയിലാണു കലാശക്കൊട്ട് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 7 മുതൽ പോളിങ് സാമഗ്രികളുടെ വിതരണം നടന്നു. കോട്ടയം ബസേലിയസ് കോളജിലാണു പോളിങ് സാമഗ്രികളുടെ വിതരണ,സ്വീകരണ കേന്ദ്രവും സ്ട്രോങ് റൂമും. വോട്ടെണ്ണലും ഇവിടെത്തന്നെ.

പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്നും നാളെയും അവധി. ബസേലിയസ് കോളജിന് ഇന്നു മുതൽ 8 വരെ അവധി കൊടുത്തിരിക്കയാണ്. മണ്ഡലത്തിൽ ഇന്നും നാളെയും മദ്യം വിൽക്കാനാവില്ല ഡ്രൈ ഡേ. മണ്ഡലത്തിലെ സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യസ്ഥാപനങ്ങൾക്കു നാളെ അവധിയാണ്.