സുന്ദരമായ വസ്തുക്കൾ അതിൻറെ പുറം ഭംഗികൊണ്ടുതന്നെ നമ്മെ ആകർഷിച്ച് അടുത്തെത്തിച്ച് അപകടപ്പെടുത്തുന്നു. എന്നാൽ ആന്തരികഗുണമുള്ള വസ്തുക്കളെ പുറം ഭംഗികൊണ്ട് ഒരു പക്ഷേ നമുക്ക് അറിയാനായെന്നു വരില്ല. അതിനാൽ അവയിൽ നിന്ന് നാം അകന്നു നിൽക്കുന്നു. സത്യത്തിൽ നിന്ന് അകന്നു നിൽക്കുന്നതുകൊണ്ടാണ് അസത്യവസ്തുക്കളിലെ മായാജന്യമായ സൗന്ദര്യം നമ്മെ ജന്മങ്ങളായി ദുഃഖിപ്പിച്ചുകൊണ്ടിരിക്കുന്നത്. കണ്ടു മനസ്സിലാക്കാവുന്നതല്ല ആന്തരിക ഗുണം. കണ്ടറിയുന്നതല്ല സൗന്ദര്യം. കാണാൻ കഴിയുന്നതല്ല സത്യം. കാണുന്നതെല്ലാം ജഡമാണ്, ജീർണ്ണമാണ്! നാം മുന്നിലുള്ള ജഡവസ്തുക്കളിൽ സൗന്ദര്യം ഉണ്ടെന്ന് ഭ്രമിച്ച് മോഹിക്കുകയാണല്ലോ!

സ്വന്തം ശരീരത്തിലേയ്ക്ക് നോക്കൂ. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളെ തൊലികൊണ്ട് മൂടിയിരിക്കുന്ന ഒരു വസ്തുവാണത്. മനസ്സിലേയ്ക്ക് നോക്കൂ. കാമം, ക്രോധം, അസൂയ, ഡംഭ് തുടങ്ങീ വികാരങ്ങൾകൊണ്ട് മലിനമായ ഒന്നാണത്. ഈ ശരീരത്തെയും മനസ്സിനെയും ഉപയോഗിക്കുന്ന ജീവനെ നോക്കൂ. പൂർവ്വവാസനകളുടെ തന്ത്രത്താൽ ബന്ധിതനായിരിക്കുകയാണ്. ശരീരത്തെയും മനസ്സിനെയും ജീവനെയും വിട്ട് ആത്മാവിലേയ്ക്കു നോക്കാൻ നമുക്ക് കണ്ണുകളോ ശരീരമോ മനസ്സോ ബുദ്ധിയോ വേണ്ടിവരുന്നില്ല. കാരണം മറ്റെല്ലാത്തിനെയും പ്രകാശിപ്പിക്കുന്നത് ആത്മാവാകയാൽ അതാണല്ലോ നമ്മുടെ യഥാർത്ഥ സ്വരൂപം. അവിടയാണ് സത്യ സൗന്ദര്യം! നിത്യസൗന്ദര്യം! നാം ഒരാളെ സ്നേഹിക്കുമ്പോൾ ആത്മാവിനെയാണ് സ്നേഹിക്കുന്നത്. അതല്ല പുറത്തു കാണുന്ന ശരീരത്തെയും മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയെയുമാണ് നാം സ്നേഹിക്കുന്നതെങ്കിൽ അത് ദുഃഖവും വിയോഗവും നിരാശയും മാത്രമേ സമ്മാനിക്കുകയുള്ളൂ. കാണുന്ന ദൃശ്യങ്ങൾ ജീവൻറെ കർമ്മഗതിക്കനുസരിച്ച് വന്നു മാഞ്ഞു പോകുന്ന ജഡവസ്തുക്കൾ മാത്രമാണ്.

നാം അപരപ്രകൃതിയെയാണ് കണ്ണുകൾ കൊണ്ട് അറിയുന്നത്. മനസ്സുകൊണ്ട് അനുഭവിക്കുന്നത്. തന്നിൽ നിന്ന് വേറിട്ട് മറ്റൊന്നും അറിയാനില്ലെങ്കിൽ, കണ്ണുകൾ ഉള്ളിൽ അടക്കിയാൽ, മനസ്സ് ഉള്ളിലടങ്ങിയാൽ, മറ്റൊന്നുമില്ലെങ്കിൽ അവിടെയാണ് പ്രകാശം. ആ പ്രകാശത്തിലാണ് മറ്റെല്ലാം കാണപ്പെട്ടത്. അപരപ്രകൃതിയെ അറിയാനാണ് സൂര്യനും ചന്ദ്രനും അഗ്നിയും നമുക്ക് പ്രകാശമായി സഹായത്തിനു വേണ്ടിവരുന്നത്. പുറത്ത് ഇരുളിൽ നമുക്ക് ഒന്നും അറിയില്ലല്ലോ? എന്നാൽ ഏതിരുട്ടിലും ഏതു നിദ്രയിലും ഞാൻ എന്നൊരാൾ എല്ലാം അറിഞ്ഞ് അനുഭവിച്ചുകൊണ്ടിരിപ്പുണ്ടല്ലോ? അതിനർത്ഥം ഞാൻ ഇരുട്ടിലല്ല, ഞാൻ ഇരുളല്ല, ഞാൻ എപ്പോഴും സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നു എന്നാണല്ലോ? ഞാൻ എന്ന ഉണ്മയ്ക്ക് പ്രകാശിക്കുവാൻ മറ്റൊന്നിൻറെയും സഹായം വേണ്ടെന്നാണല്ലോ അനുഭവം. ഞാൻ മറ്റൊരാളെ പ്രകാശത്തിൽ കണ്ട് അറിയുന്നു എന്നു പറയുന്നു. എന്നാൽ ഞാൻ ജീവിച്ചിരിക്കുന്നു എന്ന സത്യം ഞാൻ എങ്ങനെ ഏതു പ്രകാശംകൊണ്ട് ഏത് ഇന്ദ്രിയംകൊണ്ടാണ് അറിയുന്നത്? അത് സ്വയം പ്രകാശമാണെന്നു വ്യക്തമാകുന്നു. മറ്റെല്ലാം അതിൻറെ സാന്നിദ്ധ്യത്തിൽ പ്രകാശിക്കുന്നു എന്നല്ലാതെ നാം കാണുന്ന ശരീരങ്ങളെല്ലാം ഇപ്പോഴേ ജഡം തന്നെയാണ്! ജഡവിഷയങ്ങളെ വിട്ട് ആത്മസൗന്ദര്യത്തിൽ ശ്രദ്ധ പതിയേണ്ടതുണ്ട്. അപ്പോൾ നമ്മുടെ സ്നേഹത്തിൻറ സ്വഭാവം തന്നെ പവിത്രമായിത്തീരുന്നു. പിന്നെ ശരീരത്തിൻറെ പേരിൽ കലഹിക്കില്ല. ശരീരത്തിനു വേണ്ടി സ്നേഹിക്കില്ല. സ്നേഹം കളങ്കപ്പെടില്ല! മരണം നമ്മെ കീഴ്പ്പെടുത്തുകയുമില്ല!

“അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.” (ആത്മോപദേശശതകം-ഗുരു)

ഓം

കൃഷ്ണകുമാർ കെ പി