ആചാരാനുഷ്ഠാനങ്ങള്‍ വ്യക്തിനിഷ്ഠമായ സാമൂഹികനന്മയാകുന്നു. അത് ഈശ്വരനോടും ഗുരുവിനോടും പിതൃക്കളോടും ജീവജാലങ്ങളോടും മനുഷ്യരോടും ഉള്ള ഭക്തിയിലൂടെയാണ് അനുഷ്ഠിക്കപ്പെടുന്നത്. അത് അനുഷ്ഠിക്കപ്പെടുകയാണ് നിർബന്ധപൂർവ്വം ചെയ്യിക്കുന്നതാകില്ല.

വ്യക്തിയുടെയും വിദ്യയുടെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും പ്രകൃതിയുടെയും നന്മയ്ക്ക് കാരണമാകുന്ന ആചരണവിധികളാണ് പഞ്ചയജ്ഞമായ ജീവിതാനുഷ്ഠാനങ്ങളിലുളളത്. സകലതും ഈശ്വരന്‍റെയാണെന്നറിഞ്ഞ് സകലതിനെയും വന്ദിച്ചുകൊണ്ട് ജീവിക്കുന്നത് ആനന്ദദായകമാണ്. ഈശ്വരനെയോ, ഭക്തിയനുഷ്ഠാനങ്ങളിലൂടെ ഈശ്വരനെ അറിയുവാന്‍ സഹായകമായ അറിവു നല്‍ക്കുന്ന ഋഷിപരമ്പരയെയോ , നമുക്ക് ജന്മംനല്‍കിയ പിതൃപരമ്പരകളെയോ, ചവിട്ടിനില്‍ക്കാന്‍ ഇടംതന്ന് ജീവവായുവും ആഹാരവും നല്‍കുന്ന പ്രകൃതിയെയോ, സഹജീവികളായ സമൂഹത്തെയോ വിട്ടുകൊണ്ട് നമുക്ക് എന്താണ് നിലയുള്ളത്. അതിനാല്‍ അവയെ ആരാധിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് ആരാധിക്കുന്നത്. അവയെ നിലനിർത്തുന്നതിലൂടെ നാം നമ്മെത്തന്നെയാണ് നിലനിർത്തുന്നത്. അവയെ നിഷേധിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് നിഷേധിക്കുന്നത്, നമ്മെ തന്നെയാണ് നശിപ്പിക്കുന്നത്.

അതിനാല്‍ നാം സ്വയം ചോദിക്കേണ്ടത് ഇതാണ്- ”ഞാന്‍ ഉള്‍പ്പെട്ട ഈ പ്രപഞ്ചത്തെ സേവിക്കണമെങ്കില്‍ ആദ്യം എന്താണ് എന്നില്‍ ഉണ്ടാകേണ്ടത്?” നിസ്വാര്‍ത്ഥമായ സ്നേഹം! അതാണ് ആവശ്യം. നിസ്വാര്‍ത്ഥമായി സകലതിനെയും സ്നേഹിക്കുമ്പോഴാണ് അത് ഭക്തിയാകുന്നത്. സ്വാര്‍ത്ഥതയുള്ളപ്പോള്‍ ഭക്തിയുണ്ടാകില്ല. നാം ഒരു വശത്ത് ഹിംസയെ തൃപ്തിപ്പെടുത്താന്‍ ജീവികളെ ഹിംസ ചെയ്ത് പ്രദര്‍ശനം നടത്തും. മറ്റൊരിടത്ത് അഹിംസയെ തൃപ്തിപ്പെടുത്താന്‍ ഭക്തികാണിച്ച് പ്രദര്‍ശനം നടത്തും. എന്നാല്‍ ഇത്തരം പ്രദര്‍ശനങ്ങളുടെ പേരിലുള്ള പത്രവാര്‍ത്തകളുടെയും ഫോട്ടോപ്രദര്‍ശനങ്ങളുടെയും അപ്പുറമാണ് ഭക്ത്യനുഷ്ഠാനങ്ങള്‍, യജ്ഞസങ്കല്പം. അത് ഓരോ ജീവനും അറിവോടും സ്നേഹത്തോടും കൂടി ജീവിതത്തിന്‍റെ ഭാഗമായിത്തന്നെ ആചരിക്കുന്നതാണ്. അത് ജീവൻറെ സാത്വിക ഗുണ സംസ്ക്കാരമാകുകയാണ്.

പഞ്ച യജ്ഞത്തിന്‍റെ ഭാഗമല്ലാതെ ഒന്നും തന്നെ ജീവിതത്തില്‍ ചെയ്യാനില്ല. നന്മയാർന്ന വിധിയെയാണോ തിന്മയാർന്ന നിഷേധത്തെയാണോ ഒരാൾ ആചരിക്കുന്നത് എന്ന വ്യത്യാസം മാത്രമാണ് ഉള്ളത്. ‘ദേവയജ്ഞം’ എന്ന നിലയില്‍ ഈശ്വര ഭക്തിയുണ്ടോ ഇല്ലേ? ‘ബ്രഹ്മയജ്ഞം’ എന്ന നിലയില്‍ ഋഷിപരമ്പരയിലും അവരുടെ വചനങ്ങളിലും ഭക്തിയുണ്ടോ ഇല്ലേ? ‘പിതൃയജ്ഞം’ എന്ന നിലയില്‍ പിതൃക്കളിലും അച്ഛനമ്മമാരിലും ഭക്തിയുണ്ടോ ഇല്ലേ? ‘ഭൂതയജ്ഞം’ എന്ന നിലയില്‍ പീഡകൂടാതെ സര്‍വജീവജാലങ്ങളിലും ഭക്തിയുണ്ടായിരിക്കുന്നോ ഇല്ലേ? സ്വന്തം കാര്യവും വീട്ടുകാര്യവും മാത്രമല്ലാതെ സമൂഹത്തോടും നിസ്വാർത്ഥമായ ഭക്തിയുണ്ടായിരിക്കുന്നോ ഇല്ലേ? ഇത്തരത്തിൽ വിധിപൂർവ്വമാണോ നിഷേധപൂർവ്വമാണോ ജീവിതം മുന്നോട്ട് പോകുന്നത് എന്നതിലാണ് വ്യത്യാസം.

നിഷേധികളോട് നാം സദാചാരം വേണമെന്നു പറഞ്ഞാൽ എന്താകും ചെയ്യുക? അവർ സദാചാരവിരുദ്ധമായ സമരം നടത്തും, അഹിംസ വേണമെന്നു പറഞ്ഞാൽ ഹിംസാപരമായ സമരം നടത്തും, ബ്രഹ്മചര്യാശ്രമത്തിൻറെ മഹത്വം പറഞ്ഞാൽ വ്യക്തിസ്വാതന്ത്ര്യത്തിൻറെ സമരം നടത്തും, പാതിവൃത്യത്തിൻറെ പരിശുദ്ധിയെകുറിച്ചു പറഞ്ഞാൽ പരസ്ത്രീപുരുഷബന്ധത്തിനു വേണ്ടി സമരം നടത്തും. ഇത്തരത്തിലാണ് നിഷേധികളുടെ ജീവിതം. ഭക്തിപൂർവ്വം ചെയ്യുന്ന യജ്ഞസങ്കല്പമാകട്ടെ എല്ലാം വ്യക്തിയുടെയും സമൂഹത്തിൻറെയും പ്രകൃതിയുടെയും ആകെ നന്മയ്ക്കു വേണ്ടിയുള്ള അനുഷ്ഠാനമായിത്തീരുകയാണ്. നന്മതിന്മകളുടെ ഫലത്തിലും വ്യത്യാസം ഉണ്ട്. സദാചാരവും പരിശുദ്ധിയും പുലർത്തുന്ന ഭാര്യാഭർത്താക്കന്മാർ കുടുംബമായി സുഖമായി ജീവിക്കുന്നു. നിഷേധകർമ്മം ചെയ്യുന്നവരാകട്ടെ കുടുംബ കലഹവും വിരഹവുമായി, വിഷാദവും രോഗവും ബാധിച്ച് സമൂഹത്തിന് നിരന്തര പീഡനമാകുന്നു. പഞ്ചയജ്ഞത്തിലെ ഭക്തിയനുഷ്ഠാനത്തിലാണ് സമഗ്രമായ സാംസ്ക്കാരിക പുരോഗതി ദർശിക്കാനാകുന്നത്.

വിദ്യാരംഭം നോക്കൂ. വിദ്യയിൽ നിന്നാണ് ഭക്തിയുണ്ടാകേണ്ടത്. അതിനാൽ വിദ്യാരംഭംതന്നെ ഭക്തിയോടെ തുടങ്ങണം. സകലതിനും കാരണഭൂതനായ ഈശ്വരനോടാണല്ലോ ആദ്യം ഭക്തിയുണ്ടാകേണ്ടത്. തുടർന്ന് മറ്റെല്ലാം. എഴുത്തിനിരുത്തുന്ന കുട്ടിക്ക് ആവശ്യം അച്ഛനമ്മമാരുടെ ഭക്തിയും സ്നേഹവും പരിശുദ്ധിയുമാണ്. പരിശുദ്ധിയിൽ നിന്നാണ് ശരിയായ അനുഗ്രഹം ഉണ്ടാകുന്നത്. അതിനാൽ സ്വന്തം കുഞ്ഞുങ്ങളെ അച്ഛനോ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ മടിയിൽ ഇരുത്തി എഴുത്തിനിരുത്തിയാൽ അതായിരിക്കും അനുഗ്രഹദായകം.

അച്ഛനും അമ്മയും ആദ്യം ഈശ്വരനെ നമസ്ക്കരിക്കണം, പിന്നെ സകലഋഷിപരമ്പരയെയും നമസ്ക്കരിക്കണം, പിന്നെ പിതൃപരമ്പരയെയും സകല ജീവജാലങ്ങളെയും സകല മനുഷ്യരെയും മനസ്സാൽ നമസ്ക്കരിക്കണം. അവരുടെ എല്ലാം അനുഗ്രഹത്തോടു കൂടി ഗണപതിയെയും സ്തുതിച്ച്, ഇഷ്ടദേവതയെയും സ്തുതിച്ച്, സ്വന്തം കുഞ്ഞിനെ സ്വന്തം മടിയിലിരുത്തി ഭക്തിയും വാത്സല്യവും ചേർന്ന് ഹരിശ്രീ എഴുതിക്കുന്നതായാൽ കുഞ്ഞിന് അറിവും ഐശ്വര്യവും തികഞ്ഞുവരുകതന്നെ ചെയ്യും.

സംഘടനകളും മറ്റും ‘ലാബലൈസ്’ ചെയ്ത് ഇത്തരം അനുഷ്ഠാനങ്ങൾ ആരെയെങ്കിലും കൊണ്ടെല്ലാം ചെയ്യിക്കുകയാണെങ്കിൽ അതിൽ നിന്ന് കുഞ്ഞിന് പരിശുദ്ധമായ അനുഗ്രഹം ഉണ്ടായി എന്നു വരില്ല. അഥവാ അങ്ങനെ ചെയ്താലും അത് അച്ഛനമ്മമാരിൽ ഒരാളെക്കൊണ്ടോ മുത്തശ്ശീമുത്തശ്ശന്മാരിൽ ഒരാളെ കൊണ്ടോ ചെയ്യിക്കേണ്ടതാണ്. സരസ്വതീദേവിയോ അക്ഷരങ്ങളോ അർത്ഥമോ ഒന്നും വെറും ചിത്രങ്ങളോ ബിംബങ്ങളോ മതചരിത്രത്തിൻറെ ഭാഗമോ അല്ലല്ലോ? ഒരാൾ ഉള്ളിലനുഭവിക്കുന്ന പ്രകാശമാണല്ലോ വിദ്യാസ്വരൂപിണിയായ ദേവി! നിസ്വാർത്ഥമായ പരിശുദ്ധമായ ഭക്തിയിലൂടെ ഏതൊരാളുടെയും ഉള്ളിൽ ദേവിയവതരിക്കും. വ്രതശുദ്ധിയോടും മന്ത്രശുദ്ധിയോടും കൂടി ചയ്യുന്ന പ്രവൃത്തി അനുഗ്രഹദായകമാകുന്നു.

നമുക്ക് നമ്മിലുള്ള വിശ്വാസം കുറവായതുകൊണ്ടാണോ നാം എഴുത്തിനിരുത്താൻ കുട്ടികളെകൊണ്ട് മറ്റുള്ളവരുടെ കൈകളിൽ കൊടുക്കുന്നത്! നാം എത്ര മോശപ്പെട്ട കൃത്യങ്ങൾ ചെയ്തിട്ടുള്ളവരായിരുന്നാലും സ്വന്തം കുഞ്ഞിനോട് നമുക്കുള്ള സ്നേഹവും അനുഗ്രഹവും മറ്റൊരാളിൽ നിന്ന് എന്തായാലും ഉണ്ടാകില്ലല്ലോ? ആ പരിശുദ്ധിയാണ് പ്രധാനം. ആത്മാർത്ഥമായി അനുഗ്രഹിക്കണം. മറ്റൊരാളിൻറെ ഗുണം എന്താണെന്ന് അവർക്കല്ലാതെ നമുക്ക് അറിയാനും വഴിയില്ലല്ലോ!
ഓം

കൃഷ്ണകുമാർ കെ പി