ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയവർ ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ അവർ ജയിലിലേക്ക് പോകേണ്ടി വരുമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള തരൂരിന്റെ ട്വീറ്റാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഗാന്ധിജിയെ പോലുള്ള സ്വാതന്ത്ര്യസമര പോരാളികൾ അവർ ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ പേരിൽ ജയിലിൽ പോകേണ്ടിവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന ചിത്രത്തോടൊപ്പമാണ് ട്വീറ്റ് .

                  അജ്ഞാതനായ ഒരു മനുഷ്യൻ പങ്കുവെച്ച ചിത്രം എന്ന മുഖവുരയോടെയാണ് തരൂർ ഇത് പോസ്റ്റ് ചെയ്തത്. ഹിന്ദു ആചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനാണ് അംബേദ്കർ അഴിക്കുള്ളിലാവുന്നതെങ്കിൽ മതദേശീയതയെ എതിർക്കുകയും വിമർശിക്കുകയും ചെയ്തതിനാലാണ് മൗലാനാ ആസാദിനെ ജയിലിലാക്കുന്നത്. ന്യായാഥിപന്മാരെ വിമർശിച്ചതിന്റെ പേരിൽ അഴിക്കുള്ളിലായ ഗാന്ധിജിയേയും ട്വീറ്റിൽ കാണാം. വിപ്ലവാത്മക കവിതകളെഴുതിയന്റെ പേരിൽ വിചാരണ കാത്തു കിടക്കുന്ന സരോജിനി നായിഡുവും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ ദേശസുരക്ഷ കണക്കിലെടുത്ത് ഭഗത് സിംഗിനെ തടവറയിലാക്കുന്നതും ദുർനിയമങ്ങൾക്കെതിരെ പോരാടിയതിന്റെ പേരിൽ തടവറയിലായ സുഭാഷ് ചന്ദ്ര ബോസിനേയും തരൂർ ട്വീറ്റിലൂടെ പങ്കു വെക്കുമ്പോൾ സമകാലിക ഇന്ത്യയുടെ ചിത്രമെടുത്ത് പരിശോധിച്ചാൽ വ്യക്തമാവുന്നവയാണ് തരൂർ പറഞ്ഞു വെക്കുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചു പോകും.           സ്വാതന്ത്ര്യ സമര കാലത്ത് നമുക്ക് പ്രചോദനമായ വാക്കുകളും പ്രവൃത്തികളും ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി മാറിയിരിക്കുന്നെന്ന് തരൂർ ട്വീറ്റിൽ കുറിക്കുന്നു.

വിഷ്ണു ഗോപാൽ ടി.വി