ഇന്ത്യയിലെ ക്ഷേത്രങ്ങൾ കാണാനാണു റഷ്യൻ വിദ്യാർഥി ഇവാഞ്ചലിൻ ബെർനിക്കോവ് (24) എത്തിയത്. നാട്ടിലേക്കു മടങ്ങാനൊരുങ്ങുമ്പോൾ ഹൃദയത്തിൽ തൊട്ടതു പക്ഷേ, ഇന്ത്യയിലെ ജനങ്ങളുടെ സഹാനുഭൂതിയാണ്. സാങ്കേതിക തകരാർ മൂലം എടിഎം കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടു കാഞ്ചീപുരത്തെ ക്ഷേത്രനടയിൽ യാചിക്കാനിരുന്ന ഇവാഞ്ചലിനെ സഹായിക്കാനെത്തിയവരിൽ നാട്ടുകാരും പൊലീസും മുതൽ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വരെയുണ്ട്.

കഴിഞ്ഞ മാസം 24ന് ഇന്ത്യയിലെത്തിയ ഇവാഞ്ചലിൻ ഉത്തരേന്ത്യൻ സന്ദർശനത്തിനു ശേഷമാണു കാഞ്ചീപുരത്തെത്തിയത്. ഇവിടെവച്ചു പലവട്ടം തെറ്റായി ‘പിൻ’ അടിച്ചതു മൂലം എടിഎം കാർഡ് ബ്ലോക്കായതോടെ വലഞ്ഞു.കാഞ്ചീപുരം കുമാരകോട്ട ക്ഷേത്രത്തിൽ ഒരു രാത്രി ചെലവഴിച്ചു. വിശപ്പും ദാഹവും സഹിക്കാതായപ്പോൾ ക്ഷേത്രനടയിൽ യാചകനായി. കയ്യിൽ തൊപ്പിയുമായി ഭിക്ഷ തേടുന്ന വിദേശി പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. ചിലർ പണം നൽകുകയും ചെയ്തു. ഇതിനിടെ അന്വേഷിച്ചെത്തിയ പൊലീസിനോടു വിവരങ്ങൾ പറഞ്ഞു. വയറുനിറച്ചു ഭക്ഷണം വാങ്ങി നൽകിയ പൊലീസ്, ട്രെയിനിൽ കയറ്റി ചെന്നൈയിലേക്കു വിട്ടു.

റഷ്യൻ സാംസ്കാരിക കേന്ദ്രത്തിന്റെ സംരക്ഷണയിൽ കഴിയവേയാണു മന്ത്രി സുഷമ ഇടപെട്ടത്. ഇന്ത്യയും റഷ്യയും ഉറ്റ സുഹ‍ൃത്തുക്കളാണെന്നും ഇവാഞ്ചലിന് എല്ലാ സഹായവും നൽകുമെന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം.