കോഴിക്കോട്: നന്ദിനി നായര്‍, ലക്ഷ്മി നായര്‍, സരിത നായര്‍.. വേറെ വേറെ ആളുകളല്ല. ഒരാളുടെ തന്നെ പേരാണ്. ആള്‍മാറാട്ടം നടത്തി പതിറ്റാണ്ടുകളായി നാട്ടുകാരെ കബളിപ്പിച്ച ഒരു സ്ത്രീ തഞ്ചത്തില്‍ മാറിമാറി ഉപയോഗിച്ച വിവിധ പേരുകള്‍. ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഈ സ്ത്രീ തട്ടിപ്പ് നടത്തിയത്. മികച്ച വാക്ചാതുരിയും സൗന്ദര്യവും തന്റെ തട്ടിപ്പിന് മുതല്‍ക്കൂട്ടാക്കി. മാന്യമായ ഇടപെടലിലൂടെ പലരെയും തെറ്റിദ്ധരിപ്പിച്ചു; ഒടുവില്‍ അകത്താകുമെന്ന് ഉറപ്പായപ്പോള്‍ സമൂഹത്തിലെ ഉന്നതരുടെ പേര് വലിച്ചിഴച്ച് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ കരുവാക്കി മാറി.
തരംപോലെ അഭിപ്രായം മാറ്റി പറയുന്ന സരിത എസ് നായര്‍ എന്ന സോളാര്‍ കേസിലെ മുഖ്യ തട്ടിപ്പുകാരിയുടെ വാക്ക് കേട്ടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത്. കോവില്‍ കോട്ടപ്പുറം സ്വദേശിനിയായ സരിത ഇരുപത് വര്‍ഷമായി തന്റെ തട്ടിപ്പുകള്‍ ഓരോരോ എപ്പിസോഡുകളായി പുറത്തെടുക്കുകയായിരുന്നു.
ആറന്മുള സ്വദേശിയായ യുവാവിനെയാണ് 1997 ഡിസംബര്‍ 13ന് ആദ്യം വിവാഹം ചെയ്തത്. അദ്ദേഹം തന്നെയാണ് തട്ടിപ്പിന്റെ ആദ്യ ഇര. പ്രവാസിയായ ഭര്‍ത്താവിനെ കബളിപ്പിച്ച് അദ്ദേഹത്തിന്റെ പണം ധൂര്‍ത്തടിച്ച് ദുര്‍നടപ്പുകാരി’യെന്ന് വിളിപ്പേരു കിട്ടി. തനിക്ക് പിറന്ന കുട്ടി മറ്റൊരാളുടേതാണെന്ന് വെളിപ്പെടുത്തിയാണ് സരിത ആദ്യം ഭര്‍ത്താവിന് ഞെട്ടിച്ചത്. അത് അദ്ദേഹത്തെ ഭീഷണിപ്പെടുത്താനുള്ള അടവായിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോഴെല്ലാം ഭര്‍ത്താവിനെ ബ്ലാക്ക് മെയില്‍ ചെയ്തു. ഇടയ്ക്ക് കുഞ്ഞിനെ കൊല്ലുമെന്നും അത് ഭര്‍തൃവീട്ടുകാരുടെ തലയില്‍ കെട്ടിവെക്കുമെന്നും ഭീഷണിയുണ്ടായി.
ഇതിനു ശേഷമാണ് കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ കോഴഞ്ചേരി ബ്രാഞ്ചില്‍ എത്തുന്നത്. അവിടെ വെച്ചാണ് ബിജു രാധാകൃഷ്ണന്‍ എന്ന തട്ടിപ്പുകാരനെ സരിത പരിചയപ്പെടുന്നത്. അന്ന് കെ എച്ച് എഫിന്റെ എം ഡിയെ വരെ കബളിപ്പിച്ച് മാനേജര്‍ പദവി കരസ്ഥമാക്കി. എം ഡിയുടെ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയതെന്നാണ് ഒരു പരാതി. പിന്നീടാണ് ബിജുവുമായായുള്ള കൂട്ടു ജീവിതം. രശ്മി എന്ന പേരില്‍ ഭാര്യയുണ്ടായിട്ടും ബിജുവിനെ പറഞ്ഞു വഞ്ചിച്ച് രഹസ്യമായി സരിത താലി കെട്ടിച്ചു. തുടര്‍ന്ന് കുറച്ചുകാലം കുമാരപുരത്തുള്ള ഒരു ഫ്‌ളാറ്റിലാണ് ബിജു ഇവരെ താമസിപ്പിച്ചത്.
പന്തളത്തെ നക്ഷത്ര വേശ്യാലയത്തില്‍ നടന്ന റെയ്ഡിലുള്‍പ്പെടെ പലതവണ പോലീസിനാല്‍ പിടിക്കപ്പെട്ടയാളാണ് തന്റെ കൂടെ ജീവിക്കുന്നതെന്ന് ബിജു തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ കവടിയാറില്‍ കെസ്റ്റന്‍ റോഡില്‍ ക്രെഡിറ്റ് ഫിനാന്‍സ് എന്ന പേരില്‍ ഒരു തട്ടിപ്പ് ധനകാര്യ സ്ഥാപനം ബിജു തുടങ്ങി. ബിജു എം ഡിയായും നന്ദിനി നായര്‍ എന്ന വ്യാജ പേരില്‍ സരിത അഡ്മിനിസ്‌ട്രേറ്ററായുമായായിരുന്നു ഭരണം. നൂറോളം ചെറുപ്പക്കാരെ ജോലിക്കാരായും 15,000 രൂപ മാസ വാടകയിലും തുടങ്ങിയ സ്ഥാപനം ആറ് മാസത്തിനകം അടച്ചുപൂട്ടി. ക്രെഡിറ്റ് കാര്‍ഡ്, ഹോം ലോണ്‍, പ്രൊജക്ട് ലോണ്‍ എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്നും അഡ്വാന്‍സായി വാങ്ങിയ ലക്ഷണക്കക്കിന് രൂപയുടെ രേഖകളില്‍ നന്ദിനി നായരെന്ന വ്യാജ ഒപ്പാണ് സരിത ഇട്ടത്. പത്ത് ലക്ഷത്തോളം അക്കാലത്ത് തട്ടിയെടുത്തെന്നാണ് പരാതി. സിറ്റിയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വരെ സരിത വലയിലാക്കിയാണ് തട്ടിപ്പ് നടത്തിയത്.
ആരും ഒറ്റനോട്ടത്തില്‍ വിശ്വസിച്ച് പോകുന്ന വാക്ചാതുരിയാണ് തട്ടിപ്പിന് ആയുധം. തന്നെ നിയമപരമായി വിവാഹം കഴിക്കണമെന്നും രശ്മിയെ ഒഴിവാക്കണമെന്നും സരിത നിരന്തരം ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു.
സരിതയും ബിജുവും സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹോട്ടല്‍ നവരത്‌നയിലേക്ക് താമസം മാറ്റിയതോടെ തട്ടിപ്പിന്റെ മറ്റൊരധ്യായം തുടങ്ങി. വ്യഭിചാര കുറ്റത്തിന് കന്റോണ്‍മെന്റ് എസ് ഐ സരിതയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രശ്മിയുടെ ദുരൂഹമരണം ഇതിനിടെയാണ് സംഭവിച്ചത്. മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബിജുവിനും സരിതയ്ക്കും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നു. മരണം നടന്ന് ദിവസങ്ങള്‍ കഴിയും മുമ്പേ ഇവര്‍ വീണ്ടും ഒരുമിച്ചു താമസിച്ചു. ട്രിവാന്‍ഡ്രം ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ വഴുതക്കാട് കൃഷ്ണവിലാസം റോഡില്‍ മറ്റൊരു തട്ടിപ്പ് സ്ഥാപനം ആരംഭിച്ചു. അവിടെ സരിത നായര്‍ എന്ന പേരിലാണ് ഇവര്‍ എം ഡിയായി തട്ടിപ്പ് നടത്തിയത്.
ഇതിനു ശേഷമാണ് ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനി ബിജു രൂപീകരിച്ചത്. ഇതിനിടെ സരിത ഒരു മുന്‍ മന്ത്രിയുമായ് ബന്ധം സ്ഥാപിച്ചു. ഈ മുന്‍ മന്ത്രിയുമായ് ബിജു സംഘര്‍ഷത്തിലേര്‍പ്പെടുകയും മുന്‍ മന്ത്രിയുടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഇദ്ദേഹം ഇപ്പോള്‍ എല്‍ ഡി എഫിന്റെ എം എല്‍ എയാണ്. തനിക്ക് ക്വാലലംപൂര്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് ബിജു പറയുന്നത്.
പിന്നീട് ആര്‍ ബി നായര്‍ എന്ന പേര് ബിജു സ്വീകരിക്കുകയായിരുന്നു. ബിജുവിനെ ജയിലറയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ നിയമപരമായ നടപടി സ്വീകരിച്ചത് യു ഡി എഫ് സര്‍ക്കാര്‍ തന്നെയാണ്. ഭാര്യയെ കൊന്ന കേസില്‍ ബിജു ജയിലിലായത് മുതല്‍ ബിജുവിനെ സരിത തള്ളിപ്പറഞ്ഞിരുന്നു. കമ്പനിയുടെ പണമിടപാട് അടക്കം എല്ലാം ചെയ്തത് ബിജുവാണെന്നാണ് സരിത തന്നെ വെളിപ്പെടുത്തിയത്. സരിത തട്ടിപ്പ് നടത്തിയെന്ന് പല രാഷ്ട്രീയ നേതാക്കളും പിന്നീടാണ് മനസ്സിലാക്കിയത്. അവിടെയും ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണ് സരിത സ്വീകരിച്ചത്. സരിത തട്ടിപ്പുകാരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതും അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ തന്നെയാണ്. കേസെടുത്ത് ജയിലിലടച്ചതോടെ സരിത യു ഡി എഫിനെതിരെ തിരിഞ്ഞു.
തരംപോലെ ആരോപണം മാറ്റി മാറ്റി പറഞ്ഞു. ഉമ്മന്‍ചാണ്ടി പിതൃതുല്യമാണെന്ന് പറഞ്ഞ സരിത തന്നെ പിന്നീട് ദുരുദ്ദേശ്യപരമായ ആരോപണം ഉന്നയിച്ചു. സി പി എം നേതാക്കളുമായ് താന്‍ ബന്ധപ്പെട്ട വിവരമോ, കൈരളി-പീപ്പിള്‍ ടി വി എം ഡിയുമായ് മണിക്കൂറുകളോളം രാത്രി ടെലഫോണ്‍ സംഭാഷണം നടത്തിയതോ അവര്‍ മറച്ചുവെച്ച് യു ഡി എഫ് സര്‍ക്കാറിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ പറയാന്‍ തനിക്ക് സി പി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ 10 കോടി രൂപ ഓഫര്‍ ചെയ്‌തെന്ന വിവാദ വെളിപ്പെടുത്തല്‍ ഇതിനിടയിലാണ് ഉണ്ടായത്.
വിവാദം കൊഴുക്കുന്നതിനിടെ സരിതയെ മൊത്തമായ് ചില സി പി എം നേതാക്കള്‍ വിലയ്‌ക്കെടുത്തിരുന്നു. തുടര്‍ന്നുണ്ടായ ആരോപണവും കേസും കമ്മിഷന്‍ വിസ്താരവും റിപ്പോര്‍ട്ടുമെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗം മാത്രം. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരിയായ സ്ത്രീയുടെ വാക്കിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപടികള്‍ കൈക്കൊള്ളുന്നത്.