എടപ്പാള്‍ (മലപ്പുറം):ഐഎസില്‍ ചേര്‍ന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ വട്ടംകുളം സ്വദേശിയായ മുഹമ്മദ് മുഹസിനാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത് .ജൂലൈ 18ന് അമേരിക്കയുടെ (ഡ്രോണ്‍) ആക്രമണത്തിലാണ് മുഹ്‌സിന്‍ കൊല്ലപ്പെട്ടതെന്നാണ് ബന്ധുവിന് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്.വിവരം പോലീസില്‍ അറിയിക്കരുതെന്നും മലയാളത്തിലുള്ള സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതോടെ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി.
2017 ഓക്ടോബറിലാണ് മുഹമ്മദ് മുഹ്‌സിന്‍ ഐഎസില് ചേര്‍ന്നത്.എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയായ മുഹ്‌സിന്‍ കോളേജില്‍ നിന്നും വിനോദയാത്രക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ മുഹ്‌സിന്‍ ആദ്യം യുഎഇയിലേക്കുപോയി.പിന്നീട് മുംബൈയിലെത്തി അവിടെനിന്നും ടെഹ്‌റാനിലേക്ക് പോവുകയായിരുന്നെന്ന് പാസ്‌പോര്‍ട്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മനസിലായി.
അഫ്ഗാനിസ്താനിലെ ഖോറോസാന്‍ പ്രവിശ്യയില്‍ ഒരു ഐ.എസ് കമാന്‍ഡര്‍ക്കൊപ്പം മുഹ്‌സിന്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തി വരികയായിരുന്നു. ഇയാള്‍ വഴി നിരവധി ഇന്ത്യന്‍ യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.