ന്യൂഡല്‍ഹി:നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന നെതര്‍ലന്‍ഡ്‌സിന്
ആവശ്യമായ നഴ്സുമാരുടെ സേവനം ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നെതര്‍ലന്‍ഡ്‌സ് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.നെതര്‍ലന്‍ഡ്‌സില്‍ നാല്‍പ്പതിനായിരത്തോളം നഴ്‌സുമാരുടെ ആവശ്യമുണ്ടെന്ന സ്ഥാനപതി അറിയിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയത്.
കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണ ബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പ്രതികരിച്ചു.തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്റ്് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍,സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന 1520 അംഗ പ്രതിനിധി സംഘവും കൂടെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.