[author ]സി.ഇ. മൊയ്തീന്‍കുട്ടി ചേലേമ്പ്ര[/author]1956 നവംബര്‍ 1ന് നിലവില്‍വന്ന ഐക്യകേരളം 61 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഐക്യകേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ മുന്നണിരാഷ്ട്രീയത്തിന്റെ ചിത്രമാണ് നാം കാണുന്നത്. ദേശീയരാഷ്ട്രീയംതന്നെ മുന്നണി രാഷ്ട്രീയമായി മാറിയിട്ട് പതിറ്റാണ്ടുകളായി. പല പരിഷ്‌കാരങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കേരളമാണ് എന്നും മാതൃകയാവാറ്. മുന്നണി രാഷ്ട്രീയകാര്യത്തിലും കേരളം തന്നെ ഇന്ത്യക്ക് മാതൃകയായി.

1957നും 1970നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 2 കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളും ഒരു പി.എസ്.പി.-കോണ്‍ഗ്രസ് മന്ത്രിസഭയും കേരളത്തിലുണ്ടായി. 1965ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചതുമില്ല. 1956നും 1970നുമിടയില്‍ 4 തവണ കേരളം രാഷ്ട്രപതി ഭരണത്തിലുമായിരുന്നു.
1970 ല്‍ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് യശശ്ശരീരനായ കെ.കരുണാകരനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സമുന്നത നേതാക്കളായ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും സി.എച്ച്.മുഹമ്മദ്‌കോയയും മറ്റും ചേര്‍ന്ന് രൂപം നല്‍കിയ മുന്നണിയാണ് കേരളത്തിലെ ഐക്യജനാധിപത്യമുന്നണി.

1970ലാണ് കോണ്‍ഗ്രസ് ഒരു മുന്നണിക്ക് നേതൃത്വം നല്‍കി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 47 വര്‍ഷം പിന്നിട്ട യു.ഡി.എഫ് കേരള രാഷ്ട്രീയത്തില്‍ പല റെക്കോര്‍ഡുകളും സൃഷ്ടിച്ചവരാണ്. കഴിഞ്ഞ 47 വര്‍ഷത്തെ കേരള രാഷ്ട്രീയം പരിശോധിച്ചാല്‍ കേരളജനതയും യു.ഡി.എഫും തമ്മിലുള്ള ബന്ധം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കഴിഞ്ഞ 47 വര്‍ഷത്തില്‍ 30 വര്‍ഷവും കേരള ജനത അധികാരത്തിലിരുത്തിയതും യു.ഡി.എഫിനെയാണ്.

1970 മുതല്‍ 2016വരെയുള്ള 46 വര്‍ഷത്തില്‍ ഇടതുമുന്നണിക്ക് 16 വര്‍ഷമാണ് ഭരണത്തിലിരിക്കാന്‍ സാധിച്ചത്.ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന എല്‍.ഡി.എഫ്. 2021ല്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഇടതുഭരണം 21 വര്‍ഷത്തിലെത്തും.
ആര്‍.ശങ്കര്‍ ഐക്യകേരളത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു.
നാലുതവണ കെ.കരുണാകരനും മൂന്നു തവണ എ.കെ.ആന്‍ണിയും രണ്ടു തവണ ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് സര്‍ക്കാറുകള്‍ക്ക് നേതൃത്വം നല്‍കി. ഒരു ഇടവേളയില്‍ സി.എച്ച് മുഹമ്മദ്‌കോയയും കേരളമുഖ്യമന്ത്രിയായിരുന്നു (1979 ഒക്‌ടോബര്‍-ഡിസംബര്‍)

30 വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാണ്. വിദ്യാഭ്യാസ – ആരോഗ്യ – സാമൂഹ്യ രംഗത്തെ നേട്ടങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുന്നിലാണ്. മാത്രവുമല്ല ചില മേഖലകളില്‍ നാം വികസിത രാഷ്ട്രങ്ങള്‍ക്ക് ഒപ്പമാണ്. കല-സാംസ്‌കാരിക രംഗങ്ങളിലും കായികരംഗത്തും നമ്മള്‍ വളരേയേറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് തന്നെ അഭിമാനകരമാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ഒട്ടനവധി മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യു.ഡി.എഫ് ഭരണകാലത്ത് ഉയര്‍ന്നുവന്നു.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തമായ പല സംരംഭങ്ങളും യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിലുണ്ടായി. വിമാനത്താവളങ്ങള്‍, ഏഴിമലനാവിക അക്കാദമി, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി, മെട്രോറെയില്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയെല്ലാം അന്താരാഷ്ട്ര ഭൂപടത്തില്‍ കേരളത്തിന് സ്ഥാനം നല്‍കുന്നു.

ഇതില്‍ കൊച്ചി മെട്രോ റെയില്‍, കൊച്ചി സ്മാര്‍ട്‌സിറ്റി, കണ്ണൂര്‍ വിമാനത്താവളം, കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുടങ്ങിയവ 2011-2016 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വന്‍കിട പദ്ധതികളാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന രംഗത്തെ മേല്‍പറഞ്ഞ നേട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു പദ്ധതിയും ഇടതുഭരണകാലത്ത് കേരളത്തിലുണ്ടായില്ല എന്നത് ഒരു വസ്തുതയാണ്.

ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് നയമാണ് വിദ്യാഭ്യാസമേഖലയില്‍ നാം കണ്ടത്്. 1986 ലെ പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധസമരവും 1995 ലെ സ്വാശ്രയ വിദ്യാഭ്യാസ വിരുദ്ധസമരവും പരിശോധിച്ചാല്‍ അവരുടെ ഇരട്ടത്താപ്പ് വ്യക്തമാകും.
യശശ്ശരീരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് 1986 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുന്നത്. അന്നത്തെ മാനവശേഷി വികസന വകുപ്പുമന്ത്രി യശശ്ശരീരനായ മുന്‍പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആയിരുന്നു. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം സംയോജിത (കണ്‍കറന്റ്) ലിസ്റ്റില്‍പെട്ട വിഷയമാണ്. നിയമനിര്‍മ്മാണത്തിന് പാര്‍ലിമെന്റിനും സംസ്ഥാനനിയമസഭകള്‍ക്കും അധികാരമുള്ള വിഷയം. ആ ദേശീയ നയത്തിന്റെ ഭാഗമായാണ് പ്രീഡിഗ്രി കോഴ്‌സ് സര്‍വകലാശാലയില്‍ നിന്നും വേര്‍പെടുത്തണമെന്ന നിര്‍ദേശം വരുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു നിയമം പാസ്സാക്കിയാല്‍ അത് ഇന്ത്യന്‍ യൂണിയനിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. അങ്ങനെയാണ് 1986 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രീഡിഗ്രി ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ സര്‍വകലാശാലയില്‍ നിന്നും പ്രീഡിഗ്രി കോഴ്‌സ് വേര്‍പെടുത്തി ഒരു പ്രത്യേക ബോര്‍ഡിന്റെ കീഴിലാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പ്രീഡിഗ്രി ബോര്‍ഡ് രൂപീകരണ തീരുമാനത്തിനെതിരെ ഒരു വന്‍ സമരമാണ് ഇടതുപക്ഷം നടത്തിയത്. കര്‍ഷകത്തൊഴിലാളികള്‍ മുതല്‍ കോളേജധ്യാപകര്‍ വരെയുള്ളവരെ അണി നിരത്തിയ സമരം 56 ദിവസം നീണ്ടുനിന്നു. ഒടുവില്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രീഡിഗ്രീ ബോര്‍ഡ് രൂപീകരണ തീരുമാനം പിന്‍വലിച്ചു. എന്നാല്‍ 1987 ല്‍ അധികാരത്തിലെത്തിയ ഇടതുമുന്നണി തെറ്റ് തിരുത്താന്‍ നിര്‍ബന്ധിതരായി. യു.ജി.സി ധനസഹായം ലഭിക്കണമെങ്കില്‍ പ്രീ ഡിഗ്രി കോഴ്‌സ് കോളേജുകളില്‍ നിന്നും സര്‍വകശാലകളില്‍ നിന്നും വേര്‍പ്പെടുത്തിയേ പറ്റൂ എന്ന അവസ്ഥ സംജാതമായി. 1990 ല്‍ തന്നെ അവര്‍ പ്രീഡിഗ്രിബോര്‍ഡ് എന്ന പേരുമാറ്റി ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റ് രൂപീകരിച്ചു. ഘട്ടം ഘട്ടമായി പ്രീഡിഗ്രി വേര്‍പെടുത്തി. ആദ്യം സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം ഹയര്‍സെക്കണ്ടറി കോഴ്‌സ് അനുവദിച്ച ഇടതുസര്‍ക്കാര്‍ തന്നെ സ്വകാര്യമേഖലയിലും കോഴ്‌സ് അനുവദിക്കാന്‍ തുടങ്ങി.
(തുടരും)