മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന മദ്യനയത്തിന് കടകവിരുദ്ധമായി, സര്‍ക്കാര്‍ ഓരോ ദിവസവും മദ്യലഭ്യത വര്‍ദ്ധിപ്പിക്കുന്ന ഉദാര നടപടികള്‍ ആവിഷ്‌കരിച്ച്, വാഗ്ദാനലംഘനം നടത്തി ജനങ്ങളെ ചതിക്കുകയാണ്. നിലവിലുണ്ടായിരുന്ന മദ്യനയം അട്ടിമറിച്ച്, അടച്ചുപൂട്ടിയ മദ്യശാലകള്‍ ഈ ഗവണ്‍മെന്റ് തുറന്നു കൊടുത്തു. വര്‍ഷംതോറും 10 ശതമാനം ബീവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി. തങ്ങളുടെ പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദ് ചെയ്തു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തെ ജനം ചെറുത്തു തോല്പിച്ചപ്പോഴാണ് ഈ ജനാധികാരം എടുത്തുകളഞ്ഞത്. വിദേശമദ്യ ചട്ടമനുസരിച്ച് ബിയര്‍, വൈന്‍ യോഗ്യതയുള്ളവര്‍ക്ക് തുടര്‍ന്നു നല്‍കാന്‍ തീരുമാനിച്ചു. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്ക് ഒപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. ബാറുടമകള്‍ക്കു വേണ്ടി ദേശീയ-സംസ്ഥാന പാതകള്‍ ഡി നോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭയില്‍ തീരുമാനമെടുത്തു. ദൂരപരിധി നിയമം 200 എന്നത് 50 മീറ്ററാക്കി കുറച്ചു. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം ഇനി ബാറ് തുറക്കാം. ഇതിനും പുറമേയാണ് ബാറുകള്‍ക്കും വന്‍കിട റസ്റ്റോറന്റുകള്‍ക്കും ബിയര്‍-വൈന്‍ വില്‍ക്കാനും സ്വന്തമായി ബിയര്‍ ഉല്‍പ്പാദിപ്പിക്കാനുമുള്ള മൈക്രോ ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കാന്‍ പോകുന്നത്. ഈ നയങ്ങള്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്താലയമാക്കും.

ഇപ്പോഴത്തെ സ്ഥിതി : ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നതുപോലെ മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. സര്‍ക്കാരും ബിബിസി ഉള്‍പ്പെടെ വിവിധ ഏജന്‍സികളും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് കേരളീയരാണ്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രമേ കേരളത്തില്‍ ഉള്ളൂവെങ്കിലും മദ്യവില്പനയുടെ 16 ശതമാനം ഇവിടെയാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി മദ്യമാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. മുമ്പ് 300 പേരില്‍ ഒരാള്‍ മദ്യപിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 പേരില്‍ ഒരാള്‍ മദ്യപിക്കുന്നു. ജനസംഖ്യയില്‍ 5 ശതമാനം പൂര്‍ണ്ണമായും മദ്യത്തിന് അടിമകളായി മാറി. 1980 ല്‍ മദ്യഉപഭോക്താക്കളുടെ കുറഞ്ഞപ്രായം 18 വയസ്സായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 11-12 വയസ്സിലെത്തി നില്‍ക്കുന്നു. കേരള ജനസംഖ്യയില്‍ 17.20 ശതമാനം പേര്‍ മദ്യപരാണ്. 47 ലക്ഷം പേര്‍ മദ്യപിക്കുന്നു. 17 ലക്ഷം പേര്‍ ദിവസവും മദ്യപിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കണക്കുകള്‍ പ്രകാരം 70 ശതമാനം കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാര്‍ത്ഥം ഉപയോഗിച്ചിട്ടുള്ളവരാണ്. 74 ശതമാനം കുട്ടികള്‍ ബീഡിയോ സിഗരറ്റോ വലിച്ചിട്ടുണ്ട്.

കേരളത്തിലെ മദ്യപരില്‍ ഏറ്റവും കൂടുതല്‍ 21 നും 40 നും മദ്ധ്യേ പ്രായമുള്ളവരാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. കേരളത്തിലെ പുരുഷന്മാരില്‍ 60 ശതമാനവും സ്ത്രീകളില്‍ 13 ശതമാനവും ലഹരി ശീലക്കാരാണ്. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ നാലിരട്ടി വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കേരളത്തില്‍ 98.4 ലക്ഷം പേര്‍ മദ്യം/മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്ന് വിദഗ്ധരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യപാനം മൂലം കേരളത്തില്‍ 8 ലക്ഷം പേര്‍ കരള്‍ രോഗികളായി മാറി. ഹൃദ്‌രോഗികളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിച്ചു. ഒന്നോ രണ്ടോ സ്മാള്‍ കഴിക്കുന്നത് ഹാര്‍ട്ടിന് നല്ലതാണെന്ന വാദം തെറ്റാണെന്ന് കാനഡയിലെ ഒന്റാറിയോയിലുള്ള മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ചാന്‍ ലിയാങ്ങിന്റെയും സംഘത്തിന്റെയും പഠനം ഉറപ്പിക്കുന്നു. മിതമായ മദ്യപാനംപോലും ഹൃദയതാളം തെറ്റിച്ചുകൊണ്ട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അവരുടെ പഠനം തെളിയിച്ചു. കേരളത്തില്‍ 36,000 പേര്‍ മദ്യപാനം മൂലം നിരവധി ഹൃദ്‌രോഗാവസ്ഥകള്‍ക്ക് കാരണക്കാരായി പ്രതിവര്‍ഷം മരണപ്പെടുന്നുണ്ട്.

വാഹനാപകടങ്ങളില്‍ 85 ശതമാനം മദ്യപാനം മൂലമാണ്. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ 87 ശതമാനത്തിനും പിന്നില്‍ മദ്യവും മയക്കുമരുന്നുകളുമാണ്. കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 175.6 ആണെങ്കില്‍ കേരളത്തില്‍ 306.5 ആണ്. ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ 85 ശതമാനം മദ്യപരാണ്. ഗാര്‍ഹിക അതിക്രമകേസുകളില്‍ പ്രധാന പ്രതി മദ്യമാണ്. കുടുംബ ബഡ്ജറ്റിന്റെ 60-70 ശതമാനം വരെ മദ്യപാനത്തിന് ചെലവിടുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തുവരില്‍ 37 ശതമാനം പേര്‍ മദ്യപരാണ്. ജനസംഖ്യയുടെ 3.1 ശതമാനം മാത്രമുള്ള കേരളത്തിലാണ് ഇന്ത്യയിലെ ആത്മഹത്യയുടെ 10 ശതമാനം നടക്കുന്നത്. ഒരു ലക്ഷത്തില്‍ 25.3 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നു. കുടുംബ ആത്മഹത്യയ്ക്ക് പിന്നിലും പ്രധാന പ്രതി മദ്യമാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചവരില്‍ 34 ശതമാനം പേര്‍ മദ്യപരാണ്. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരില്‍ 40 ശതമാനം പേര്‍ മദ്യപാനശീലക്കാരാണ്. ഒരുദിവസം 175 വിവാഹമോചന കേസുകള്‍ വരെ കേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്നു. ഇതില്‍ 80 ശതമാനത്തിനും കാരണം മദ്യപാനമാണ്. അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടിയാണ് മദ്യത്തിനുവേണ്ടി മലയാളി ചെലവാക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനോരോഗത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍ കേരളീയരാണ്. മനോരോഗങ്ങള്‍ക്ക് 17.6 ശതമാനം കാരണം മദ്യമാണ്. 100 മദ്യപരില്‍ 18 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗം ബാധിക്കുന്നു. 100 മദ്യപരുടെ കുടംുബമെടുത്താല്‍ അതില്‍ 7 കുടുംബങ്ങളിലും മനോവൈകല്യമുള്ളവര്‍ ജനിക്കുന്നു. അസോഷ്യേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെ സോഷ്യല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ മെട്രോ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേ പ്രകാരം 45 ശതമാനം പ്ലസ് ടു വിദ്യാര്‍ത്ഥികളും മദ്യം ഉപയോഗിക്കുന്നു. KCRB യുടെ കണക്കുകള്‍ പ്രകാരം ലഹരിയുപയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനം അമൃത്‌സറിനാണ്. രണ്ടാംസ്ഥാനം കൊച്ചിക്കാണ്. മദ്യാസക്തരുടെ മക്കള്‍ മദ്യപരാകാനുള്ള സാധ്യത 60 ശതമാനമാണ്. ഇവരുടെ കുറ്റവാസന നിരക്ക് 62.5 ശതമാനമാണ്. മദ്യപിക്കുന്ന 10 പേരില്‍ 2 പേര്‍ മദ്യാസക്തരാണ്. ചെറുപ്രായത്തിലെ മദ്യപാനം വിവിധ മാനസികരോഗങ്ങള്‍ക്കും ഓര്‍മ്മശക്തി കുറയ്ക്കുന്നതിനു ഇടയാക്കും. 2012 മെയ് 19 ന് കൊച്ചിയില്‍ നടന്ന ലൈംഗികശാസ്ത്ര വിദഗ്ദ്ധരുടെ സമ്മളനം സെക്‌സ്‌മെഡ് -2012′ 40 ശതമാനം വിവാഹബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം ലൈംഗിക പ്രശ്‌നങ്ങളാണെന്നും ഇതിനു കാരണം മദ്യാസക്തിയാണെന്നും അഭിപ്രായപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലൈംഗിക ഉത്തേജന ഔഷധങ്ങള്‍ വില്‍ക്കുന്നത് കേരളത്തിലാണ്. സ്ഥിരമായി മദ്യപിക്കുന്നവരില്‍ ഭാര്യയുടെ ചാരിത്ര്യശുദ്ധിയെ സംശയിക്കുന്ന ആല്‍ക്കഹോളിക് ജലസ് ഹസ്ബന്റ് സിന്‍ഡോം എന്ന രോഗം വളരെ കൂടുതലാണ്.

സര്‍ക്കാര്‍ ചെയ്യേണ്ടത് : ലോകത്തിലേതൊരു ഭരണകൂടവും പാലിക്കേണ്ട മൗലികതത്വം പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും നന്നാക്കുകയും ചെയ്യുക എന്നതാണ്. അതിന് തക്കതായ നയങ്ങളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടത്. മനുഷ്യനെ മദ്യപാനാസക്തിയില്‍ നിന്ന് രക്ഷിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ ലഭ്യത കുറയ്ക്കുകയാണ്. മദ്യോപഭോഗത്തില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ മദ്യവില്പന നിയന്ത്രണ-നിരോധന നടപടികളാണാവശ്യം. മനുഷ്യ നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌േക്കണ്ടത്. കേരളത്തിന്റെ മദ്യപാനത്തിന്റെ ഗ്രാഫ് ഉയരുന്നതിന്റെ കുടുംബ-സാമഹ്യ-സാംസ്‌കാരിക-സാമ്പത്തിക-ആരോഗ്യ പ്രശ്‌നങ്ങളെ ക്കുറിച്ച് സര്‍ക്കാര്‍ പഠിക്കണം. മദ്യവിപത്തിനെ നേരിടാന്‍ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ജനങ്ങള്‍ മദ്യം വര്‍ജ്ജിച്ചാല്‍ മതി. ഫലപ്രദമായ മദ്യനിയന്ത്രണവും നിരോധനവും അപ്രായോഗികമാണ് എന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം മദ്യം ലഭ്യമാക്കുകയെന്നത് മദ്യരാജാക്കന്മാരുടെ താല്പര്യമാണ്. ഒരിക്കലും ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ അത് മാനദണ്ഡമാക്കരുത്. മദ്യവില്പനകൊണ്ടു കേരളത്തിന് എന്തുനേട്ടമുണ്ടായി എന്നു വിലയിരുത്തേണ്ടിയിരി ക്കുന്നു. ഒരു തൊഴിലാളി മദ്യം കൊണ്ട് ഉപജീവനം നടത്തുമ്പോള്‍ ആയിരങ്ങള്‍ മദ്യം കുടിച്ചു നശിക്കുന്നുണ്ട്. സര്‍ക്കാരിനു മദ്യംകൊണ്ടു കിട്ടുന്ന വരുമാനം അതിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ തികയില്ല. കേരള സമൂഹത്തെ മദ്യക്കെടുതികളില്‍ നിന്നും മോചിപ്പിക്കുന്നതിനു പകരം മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങള്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല.