[author ] ജോസ് ചന്ദനപ്പള്ളി [/author]1913 നവംബര്‍ 14-ന് വൈകുന്നേരമാണ് ഒരു ടെലഗ്രാം, സന്തോഷവാര്‍ത്തയുമായി ശാന്തിനികേതനിലെത്തുന്നത്. ‘രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നു.’ ശാന്തിനിതേനിലെ കുട്ടികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടി. സത്യത്തില്‍ നൊബല്‍ സമ്മാനത്തെക്കുറിച്ച് വലിയ അറിവൊന്നും ആ കുരുന്നുകള്‍ക്കില്ലായിരുന്നു. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ഗുരുജിക്ക് എന്തോ വലിയ ഒരു അംഗീകാരം ലഭിച്ചു എന്നവര്‍ മനസ്സിലാക്കി. രബീന്ദ്രനാഥ ടാഗോറിനൊപ്പം അന്നവിടെ അതിഥിയായി ഉണ്ടായിരുന്ന പ്രസിദ്ധ ഇംഗ്ലീഷ് ഇന്‍ഡോളജിസ്റ്റ് എഡ്‌വേര്‍ഡ് തോംപ്‌സണ്‍ ആശ്രമവിദ്യാലയത്തിലെ കുട്ടികളുടെ അന്നത്തെ സന്തോഷത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. പുരസ്‌കാരലബ്ധിയില്‍ ടാഗോറിനെ ആദ്യമായി അഭിനന്ദിക്കാനുളള ഭാഗ്യവും തോംപ്‌സണായിരുന്നു. അദ്ദേഹം പിന്നീട് ടാഗോറിന്റെ ജീവചരിത്രകാരനെന്ന ഖ്യാതിയും നേടി.

1911-ല്‍ ടാഗോറിന്റെ അന്‍പതാം പിറന്നാള്‍ ശാന്തിനികേതനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടി ആഘോഷിച്ചു. ആ പിറന്നാളാഘോഷത്തിന് തൊട്ടുമുന്‍പാണ് ടാഗോര്‍ ‘ജനഗണമന അതിനായക ജയഹേ’എന്നാരംഭിക്കുന്ന വിഖ്യാതമായ ഗാനം രചിച്ചത്. ഈ കാലത്ത് ‘ഗോറ’എന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലും ‘ഭാരതവര്‍ഷത്തിന്റെ ഇതിഹാസധാര’ എന്ന ലേഖനവും ‘ഭാരതതീര്‍ത്ഥം’ എന്ന കവിതയും പുറത്തുവന്നു. ഇതിലെല്ലാം ദേശാഭിമാനം തിളച്ചുമറിഞ്ഞിരുന്നു. 1911 ഡിസംബര്‍ 27-ന് കല്‍ക്കട്ടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 28-ാം വാര്‍ഷിക സമ്മേളനത്തില്‍ ആലപിക്കാന്‍ വേണ്ടി രചിച്ചഗാനമാണ് ഇന്നു നമ്മുടെ ദേശീയ ഗാനമായി മാറിയ ‘ജനഗണമന’. അതാദ്യം ചൊല്ലിയതും ടാഗോറായിരുന്നു.

”എവിടെ മനസ്സ് ഭയരഹിതവും ശിരസ്സ് ഉന്നതവുമാണോ
എവിടെ ജ്ഞാനം സ്വതന്ത്രമാണോ, സങ്കുചിത ഭിത്തികളാല്‍
എവിടെ ലോകം പരിച്ഛിന്നമാക്കപ്പെടാതിരിക്കുന്നുവോ
എവിടെ സത്യത്തിന്റെ അന്തരാളത്തില്‍ നിന്ന് വാക്കുകള്‍ ആവിര്‍ഭവിക്കുന്നുവോ. . . . ”

ലോകമെങ്ങും പ്രശംസിക്കപ്പെട്ട ‘ഗീതാഞ്ജലി’ എന്ന കവിതാസമാഹാരത്തില്‍ 35-ാം ഖണ്ഡത്തില്‍ നിന്നുള്ളവയാണ് ഈ വരികള്‍. ജോലിത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി ടാഗോര്‍ പത്മാനദിയുടെ തീരത്തുള്ള ഷെലിഡയില്‍ വിശ്രമിക്കുന്ന കാലത്ത് താന്‍ പലപ്പോഴായി എഴുതിയ ബംഗാളി കവിതകള്‍ അദ്ദേഹം പുസ്തകത്തിലാക്കി. തുടര്‍ന്ന് അദ്ദേഹം 1912 മെയ് മാസത്തില്‍ ഇംഗ്ലണ്ടിലേക്ക് യാത്ര പുറപ്പെട്ടു. ഇംഗ്ലണ്ടിലെ പല സുഹൃത്തുക്കളും അദ്ദേഹത്തെ അങ്ങോട്ട് വളരെക്കാലമായി ക്ഷണിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനോടകം തന്നെ ടാഗോര്‍ ബംഗാളിഭാഷയില്‍ എഴുതിയ 157 കവിതകള്‍ അടങ്ങിയ ‘ഗീതാഞ്ജലി’ 1910 ആഗസ്റ്റ് 14-ന് പ്രസിദ്ധീകരിച്ചു. പിന്നീട് ടാഗോര്‍ തന്നെ ‘ഗീതാഞ്ജലി’യിലെ 53 കവിതകളും മറ്റ് 50 കവിതകളും ചേര്‍ത്ത് 103 കവിതകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

ഇംഗ്ലണ്ടിലെത്തിയ ടാഗോര്‍ അവിടുത്തെ പ്രശസ്ത ചിത്രകാരനും സുഹൃത്തുമായ റോഥന്‍ സ്റ്റൈനിനെ കണ്ടുമുട്ടുകയും ‘ഗീതാഞ്ജലി’ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. റോഥന്‍സ്റ്റൈന്‍ ആ കവിതകള്‍ പ്രശസ്ത ഐറിഷ് കവി ഡബ്ല്യു.ബി. യേറ്റ്‌സിനെയും നിരൂപകന്മാരായ ഏ.സി. ബ്രാഡ്‌ലിയെയും സ്റ്റാഫോര്‍ഡ് ബ്രുക്കിനെയും കാണിച്ചു. ഇതിനോടകം തന്നെ സി.എഫ്.ആന്‍ഡ്രൂസ് (ദീനബന്ധു) ടാഗോറിന്റെ ആരാധകനായിരുന്നു. വൈകാതെ എസ്രാ പൗണ്ട്, ഹെന്റി വില്‍സണ്‍, മോസിന്‍ ക്ലേര്‍ എന്നീ പ്രമുഖ സാഹിത്യനായകന്മാരുടെ സ്‌നേഹാദരങ്ങള്‍ ടാഗോര്‍ ഏറ്റുവാങ്ങി. ഇതിനിടെ ‘ലണ്ടനിലെ ഇന്ത്യ സൊസൈറ്റിയുടെ’ ആഭിമുഖ്യത്തില്‍ ‘ഗീതാഞ്ജലി’ ഇംഗ്ലീഷ് പരിഭാഷ മിനുക്കി 1912 നവംബര്‍ 1-ന് 750 കോപ്പികള്‍ ആദ്യപതിപ്പായി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ലോക പ്രകസ്ത ഐറീഷ് കവി ഡബ്ല്യു.ബി.യേറ്റ്‌സ് ആണ് ഇംഗ്ലീഷ് ഗീതാഞ്ജലിയ്ക്ക് അവതാരിക എഴുതിയത്. ലണ്ടനിലെ ഹോട്ടലില്‍ യേറ്റ്‌സും ടാഗോറും ഒന്നിച്ചു താമസിക്കുന്ന ദിവസങ്ങളില്‍ ‘ഗീതാഞ്ജലി’യിലെ കവിതകള്‍ യേറ്റ്‌സ് അതിമനോഹരമായി ചൊല്ലുമായിരുന്നു. അത് കേള്‍ക്കാന്‍ ഇംഗ്ലീഷ് സാഹിത്യലോകത്തിലെ പ്രമുഖര്‍ ആ ഹോട്ടലില്‍ ഒന്നിച്ചുകൂടുമായിരുന്നു. ടാഗോറിന്റെ ഇംഗ്ലീഷ് ഗീതാഞ്ജലിയിലെ കവിതകള വാള്‍ട്ട് വിറ്റ്മാന്‍ പ്രചാരം നല്‍കിയ മുക്തഛന്ദസ്സിലായിരുന്നു രചിക്കപ്പെട്ടത്.

നഷ്ടപ്പെട്ട ഗീതാഞ്ജലി
രബിന്ദ്രനാഥ ടാഗോര്‍ 1909-ലും 1910-ലുമായിട്ടാണ് നൊബേല്‍ സമ്മാനത്താല്‍ അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയ ഗീതാഞ്ജലിയിലെ ഗീതങ്ങള്‍ തയ്യാറാക്കിയത്. 1912-ല്‍ കുടുംബ സമേതം ലണ്ടനിലേയ്ക്കുളള യാത്രക്കിടയില്‍, ഭൂഗര്‍ഭ തീവണ്ടിയില്‍ ‘ഗീതാഞ്ജലി’യുടെ ഇംഗ്ലീഷ് കൈയെഴുത്തു പ്രതി അടങ്ങിയ പെട്ടി നഷ്ടപ്പെട്ടു. പിന്നീട്, ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് തീവണ്ടി സ്റ്റേഷനിലെ, യാത്രക്കാരുടെ നഷ്ടപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുന്ന ഓഫീസില്‍ നിന്നാണ് അത് കണ്ടെത്തിയത്. സാഹിത്യ നൊബേല്‍ നേടിയ ഗീതാഞ്ജലി ഒട്ടനവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ‘ഗീതാഞ്ജലി’ മലയാളത്തിലേക്ക് കവി ജി. ശങ്കരക്കുറുപ്പ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഏറെ താമസിയാതെ ലണ്ടനിലെ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്ക്ലബ് ടാഗോറിന് ഒരു സ്വീകരണ പരിപാടി ഒരുക്കി. ലണ്ടനിലും പരിസരങ്ങളിലുമുളള പ്രശസ്ത സാഹിത്യകാരന്മാരെല്ലാം ആ സമ്മേളനത്തില്‍ പങ്കെടുത്തു. ജോര്‍ജ്ജ് ബര്‍ണാഡ്ഷാ, എച്ച്.ജി. വെല്‍സ്, ഗ്യാല്‍സ് വര്‍ത്തി, ബര്‍ട്രാന്‍ഡ് റസ്സല്‍, ഏണസ്റ്റ്‌റിസ്റ്റ് തുടങ്ങിയ മഹാരഥന്മാരെല്ലാം എത്തി. അന്ന് യേറ്റ്‌സ് ടാഗോറിന്റെ കവിതകളെ പുകഴ്ത്തിയതിങ്ങനെയാണ്. ‘കവിയുടെ ഉദാരമായ സ്‌നേഹവും ഉദാത്തമായ ജീവിത ദര്‍ശനവും പ്രതിഫലിപ്പിക്കുന്ന അതിമനോഹരമായ കവിതകളാണിവ. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം പുലര്‍ത്തുന്ന അത്യാകര്‍ഷകമായ സൗന്ദര്യബോധം കവിതയിലുടനീളം തുളുമ്പി നില്‍ക്കുന്നു.’ അമേരിക്കന്‍ സാഹിത്യകാരനായ എസ്രാ പൗണ്ടിനെ പോലെ സാഹിത്യലോകത്ത് നിറഞ്ഞു നിന്നിരുന്ന പലരും ടാഗോറിന്റെ ഗീതാഞ്ജലിയെ പ്രശംസിച്ചു കൊണ്ട് ലേഖനങ്ങളും നിരൂപണങ്ങളും എഴുതി. നിരവധി സര്‍വ്വകലാശാലകളിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി. അമേരിക്കന്‍ പര്യടനത്തിന് ശേഷം1913-ല്‍ ടാഗോര്‍ ലണ്ടനില്‍ വീണ്ടും എത്തി.
പ്രശസ്ത ആംഗലേയ കവി ടി.എസ്. മൂര്‍ ആണ് ടാഗോറിന്റെ പേര് നൊബേല്‍ അവാര്‍ഡിനായി നിര്‍ദ്ദേശിച്ചത്. യൂറോപ്പിലും അമേരിക്കയിലുമുളള പ്രമുഖ സാഹിത്യകാരന്മാര്‍ക്കും നിരൂപകര്‍ക്കുമെല്ലാം ‘ഗീതാഞ്ജലി’ ഏറെ ഇഷ്ടപ്പെട്ടു. ഭാരതത്തിന്റെ ദേശീയഗാനവും ‘അമര്‍ സോനര്‍ ബംഗ്ല’ എന്നു തുടങ്ങുന്ന ബംഗ്ലാദേശിന്റെ ദേശീയഗാനവും ‘ഗീതാഞ്ജലി’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

 

പ്രസംഗിക്കാത്ത പ്രസംഗം
1913 നവംബര്‍ 13-ന് ലോകമെങ്ങും ഒരു സന്തോഷവാര്‍ത്ത പറന്നെത്തി. രബീന്ദ്രനാഥ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നു. 1913 നവംബര്‍ 14-ന് ശാന്തിനികേതനില്‍ ഇരിക്കുമ്പോഴാണ് സതേ്യന്ദ്രനാഥ്ദത്ത എന്ന കവി സുഹൃത്തിന്റെ ഒരു ടെലഗ്രാം ടാഗോറിന് കിട്ടുന്നത്. ‘ഗീതാഞ്ജലിക്ക്’ സാഹിത്യ നൊബേല്‍ ലഭിച്ചുവെന്ന സന്തോഷവാര്‍ത്തയായിരുന്നു ആ ടെലിഗ്രാം!
എന്നാല്‍ 1913 ഡിസംബര്‍ 10-ന് സ്വീഡനില്‍ നടന്ന നൊബേല്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ടാഗോറിന് കഴിഞ്ഞില്ല. പിന്നീട് ടാഗോര്‍, അവാര്‍ഡ് ഏറ്റു വാങ്ങുന്നത് 1914 ജനുവരിയില്‍ അന്നത്തെ കൊല്‍ക്കത്ത ഗവര്‍ണറില്‍ നിന്നാണ്. എന്നാല്‍ സ്വീഡനില്‍ നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ടാഗോര്‍ നടത്തിയ പ്രസംഗത്തിലെ ഉപനിഷത് വാക്യങ്ങള്‍ പ്രശസ്തമാണ.് ചടങ്ങില്‍ പങ്കെടുക്കാതെ എങ്ങനെ പുരസ്‌കാര സ്വീകരണ പ്രസംഗം നത്താനാവും എന്നാവും കൂട്ടുകാരുടെ സംശയം? അവാര്‍ഡ് പ്രഖ്യാപിച്ച് എട്ടുവര്‍ഷങ്ങള്‍ക്കുശേഷം, ടാഗോര്‍ അയച്ചുകൊടുത്ത വാചകങ്ങള്‍, അവാര്‍ഡ് സ്വീകരണ പ്രസംഗം എന്ന നിലയില്‍ സാഹിത്യ നൊബേല്‍ അക്കാദമി സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തത്. ടാഗോര്‍ സാഹിത്യത്തെക്കുറിച്ച് ഗവേഷണം നടത്തിയ ഇന്ദ്രനാഥ് ചൗധരി എന്ന സാഹിത്യപണ്ഡിതനാണ് ഇക്കാര്യം ഈയിടെ വെളിപ്പെടുത്തിയത്.

 

കള്ളന്‍ മോഷ്ടിച്ച നോബേല്‍
അന്ന് 5000പവനാണ് നൊബേല്‍ സമ്മാന തുക. നൊബേല്‍ സമ്മാനമൊക്കെ സ്വീകരിച്ചതിന് ശേഷം സമ്മാന മെഡലുകളുള്‍പ്പെടെയുളള അമൂല്യവസ്തുക്കള്‍ ടാഗോര്‍ ശാന്തിനികേതനില്‍ തന്നെ സൂക്ഷിച്ചു. പാശ്ചാത്യകേന്ദ്രീകൃതമായിരുന്ന സാഹിത്യ ഭൂപടത്തില്‍ ഇന്ത്യുടെ സാന്നിധ്യമറിയിച്ച ടാഗോര്‍, നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ ഏഷ്യാക്കാരനായിരുന്നു.
ഭാരതത്തിന്റെ കാവ്യകിരീടത്തില്‍ പതിച്ച അമൂല്യ പതക്കമായയിരുന്നു ടാഗോറിനു ലഭിച്ച നൊബേല്‍ സമ്മാനം. ശാന്തി നികേതന്റെ വിശ്രാന്ത ലോകത്തു നിന്നും അനുപമമായ ആ നിധി അടുത്തിടെ ആരോ കവര്‍ന്നു. 2004 മാര്‍ച്ച് 25-ാം തീയതി കാന്തിനികേതനില്‍ നിന്നുളള വാര്‍ത്ത ഏറെ ദു:ഖിപ്പിക്കുന്നതായിരുന്നു. ശാന്തിനികേതനിലെ രബീന്ദ്ര മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നൊബേല്‍ സമ്മാന മെഡലും മറ്റ് അമൂല്യ വസ്തുക്കളും മോഷ്ടിക്കപ്പെട്ടു എന്നുള്ളതായിരുന്നു ആ വാര്‍ത്ത. 206 ഗ്രാം തൂക്കമുള്ള 18 കാരറ്റ് സ്വര്‍ണ്ണമെഡലും പ്രശസ്തി പത്രവും ടാഗോറിന്റെ അപൂര്‍വ്വവും വിശീഷ്ടവുമായ അന്‍പതോളം സ്വകാര്യസമ്പാദ്യങ്ങളും അന്നു മോഷണം പോയി. സി.ബി.ഐ. അനേ്വഷിച്ചെങ്കിലും കള്ളനെക്കുറിച്ച് ഒരു തുമ്പും കിട്ടിയില്ല. സാഹിത്യപുരസ്‌കാര ലബ്ധിക്ക് 103 വര്‍ഷമായിട്ടും കള്ളനെ കണ്ടെത്താന്‍ ഇതുവെര കഴിഞ്ഞിട്ടില്ല. അനേ്വഷണം 2009-ല്‍ അവസാനിപ്പിച്ചു. എന്നാല്‍ മോഷണം പോയ നൊബേല്‍ പുരസ്‌കാരത്തിന് പകരമായി സ്വര്‍ണ്ണത്തിലും വെങ്കലത്തിലും തീര്‍ത്ത രണ്ട് മാതൃകകള്‍ നല്‍കി. ഇന്ത്യയുടെ മാനം കാക്കാന്‍ സ്വീഡിഷ് നൊബേല്‍ ഫൗണ്ടേഷന്‍ 2005-ല്‍ ഇന്ത്യയെ ഏല്‍പ്പിച്ച നൊബേല്‍ അവാര്‍ഡിന്റെ വെങ്കലത്തില്‍ പണിത മാതൃകയാണ് ഇപ്പോള്‍ വിശ്വഭാരതി സര്‍വ്വകലാശാലയുടെ രബീന്ദ്ര മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. യഥാര്‍ത്ഥ നൊബേല്‍ സമ്മാനം നഷ്ടപ്പെട്ടുവെങ്കിലും ‘ഗീതാഞ്ജലി’യ്ക്ക് കാലത്തിന്റെ ഹൃദയത്തിലുള്ള മൂല്യം ഒട്ടും ചോര്‍ന്നുപോയിട്ടില്ല.

ടാഗോര്‍ ഒരു അവലോകനം
മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം സമാഹാരം ആയിരത്തി നാനൂറോളം കഥാഗ്രന്ഥങ്ങള്‍ പതിനഞ്ചോളം ലേഖനസമാഹാരങ്ങള്‍. ഉള്ളടക്കത്തില്‍ മാത്രമല്ല വൈപുല്യം കൊണ്ടും ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ സമ്പന്നമായിരുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു ടാഗോര്‍. രബീന്ദ്രസംഗീതം മൂളാത്ത ബംഗാളി ഉണ്ടാവില്ല. ടാഗോര്‍ 68-ാം വയസ്സിലാണ് ചിത്രരചന ആരംഭിച്ചത്. വിനോദത്തിനുവേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു.