[author ]എ ആര്‍ ആനന്ദ്‌ [/author]

തിരുവനന്തപുരം: നാഗരിക ജനത പരിഷ്കൃതവും സാംസ്കാരിക സമ്പന്നവുമാണെന്നാണ് വിശ്വാസം. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭാ കൗൺസിലിൽ ഒരു കൂട്ടം ബി.ജെ.പി, എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ അപരിഷ്കൃതവും സംസ്കാര ഹീനമായതും മായ കയ്യാങ്കളി തിരുവനന്തപുരത്തിനെയാകെ നാണം കെടുത്തിയിരിക്കുന്നു.നഗരവാസികളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളൊന്നുമല്ലായിരുന്നു ബഹളത്തിനു കാരണം വിഷയം തെരുവുവിളക്കും ഹൈമാസ്റ്റ് ലൈറ്റുകളുമാണ്.

എം.പി.മാരുടെയും ,എം .എൽ.എ മാരുടെയും പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചാൽ അത് സ്ഥാപിക്കുകയും പരിപാലിക്കുകയും വൈദ്യുത ബില്ലടക്കുകയും ചെയ്യേണ്ടത് നഗരസഭയാണ്. നഗരസഭക്ക് വൻ ബാധ്യതയായിത്തീരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ പ്രധാന കവലകളിൽ മാത്രം മതിയെന്ന് മേയർ എം.പി.മാർക്കും എം.എൽ.എമാർക്കും കത്തെഴുതി. ഇതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം വളരെ വേഗം തിരിച്ചറിയുവാൻ യു ഡി എഫിനു സാധിച്ചു.നഗരസഭയുടെ പരിധിയിൽ രണ്ട് എം.എൽ.എമാരും ഒരു എം.പിയും കോൺഗ്രസിന്റെതായുണ്ട്. അവരുടെ വികസന പ്രവർത്തനങ്ങൾക്ക് തടയിടുക എന്ന ഒരു ദുഷ്ടലാക്കും മേയറുടെ കത്തിനു പിന്നിൽ ഉണ്ടായിരുന്നതിനാൽ ഇത് സംബന്ധിച്ച് യു.ഡി.എഫ് കൗൺസിലർമാർ പരാതി ഉന്നയിക്കുകയും ചില പ്രയോഗിക പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

യു.ഡി.എഫിന് രാഷ്ട്രീയമായ മേൽകൈവരുമെന്നായപ്പോൾ ലോ അക്കാദമിയിലെ പഴയ സഹപാഠികളായ മേയറും പ്രതിപക്ഷനേതാവും കൂടി ചമച്ചെടുത്ത കള്ളക്കളിയാണ് ഈ സംഘർഷമെന്ന് ന്യായമായും സംശയിക്കാം. ഹൈമാസ്റ്റ് ലൈറ്റുകളെ ആരാധനാലയങ്ങളുമായി കൂട്ടിക്കെട്ടി രാജ്യസഭാ എം.പി.മാരെക്കൊണ്ടും നേമം എം.എൽ.എയെക്കൊണ്ടും പരമാവധി മുതലെടുക്കുക എന്ന ബി.ജെ.പിയുടെ രാഷ്ട്രീയക്കളി അതിനുമപ്പുറമാണ് എന്നു കരുതേണ്ടി വരും.

ഹൈമാസ്റ്റ് ലൈറ്റുകൾ തിരുവനന്തപുരത്തിന് പരിചയപ്പെടുത്തിയത് ഡോ.ശശി തരൂർ എം.പി.യായിരുന്നു. തുടർന്നിങ്ങോട്ട് ഹൈമാസ്റ്റ് ലൈറ്റുകൾ വ്യാപക പ്രചാരത്തിലായി. ഇന്നിപ്പോൾ വികസനത്തെക്കുറിച്ചും നഗരത്തിന്റെ ആവശ്യകതകളെക്കുറിച്ചും പ്രാഥമികമായ അറിവു പോലുമില്ലാത്ത ബി.ജെ.പിയുടെ പക്കലുള്ള ഏക വികസന അജണ്ട ഹൈമാസ്റ്റ് സ്ഥാപനം മാത്രമായി ചുരുങ്ങി. തമ്മിൽ തല്ലു കൊണ്ടും കെടുകാര്യസ്ഥത കൊങ്ങും നിറം മങ്ങിപ്പോയ ബി.ജെ.പി കൗൺസിലർമാരുടെ ഏക പിടിവള്ളിയായ ഹൈമാസ്റ്റിലാണ് മേയർ കൈവച്ചത്. ഇതിൽ പ്രകോപിതരായി ബി.ജെ.പി കൗൺസിലർമാർ നടത്തിയ കയ്യാങ്കളി തിരുവനന്തപുരത്തെ പൗരസമൂഹത്തിനാകെ അപമാനമുണ്ടാക്കി.എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വനിതാ കൗൺസിലർമാർ തമ്മിലുള്ള സംഘർഷമാകട്ടെ സഭ്യതയുടെ സകല അതിർവരമ്പുകളും ലംഘിക്കുന്നതായിരുന്നു.പ്രബുദ്ധരായ തി രു വ ന ന്നപുരം നിരസഭയിലെ ജനങ്ങൾ തിരഞ്ഞെടുത്തയച്ചത് ഇത്തരം ജനപ്രതിനിധികളെയാണോ എന്നോർത്ത് ലജ്ജിക്കുന്നുണ്ടാവാം.

മാലിന്യ പ്രശ്നം, ആനുകൂല്യ വിതരണം, മന്ദഗതിയിലായ പദ്ധതി നിർവഹണവും, സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കലും – തുടങ്ങി നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് തികച്ചും രാഷ്ട്രീയ കാരണങ്ങൾ മാത്രമുള്ള ലൈറ്റു പ്രശ്നത്തിൽ തമ്മിൽത്തല്ലി ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഭരണ-പ്രതിപക്ഷങ്ങളുടെ പാഴ്ശ്രമം,ഇനിയിപ്പോൾ പ്രാദേശികമായി ലൈറ്റ് പ്രശ്നം ഉയർത്തിക്കാട്ടിയുള്ള തമ്മിൽത്തല്ലും ബലിദാനവും രക്തസാക്ഷിത്വങ്ങളും പ്രതീക്ഷിക്കാം. യു.ഡി.എഫിന്റെ സമഗ്ര വികസന നേട്ടങ്ങളിൽ ഒന്നായ ഹൈമാസ്റ്റ് ലൈറ്റുകൾ സമരത്തിനുള്ള കാരണമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതിനൊപ്പം അകന്നു പോകുന്ന അണികളെ സംഘർഷമുണ്ടാക്കി കൂടെ നിർത്തുക എന്ന പ്രാകൃത തന്ത്രം പയറ്റുകയാണ് ഇരുപക്ഷവും .പൊന്നറ ശ്രീധറെ പോലെ മഹാൻമാരായ വ്യക്തികൾ അലങ്കരിച്ചിരുന്ന തിരുവനന്തപുരം നഗരസഭാ മേയറുടെ കസേരയിൽ ഒരു സാധുവിനെ പിടിച്ചിരുത്തി തിരശീലക്കു പിന്നിൽ കളിക്കുന്ന സി.പി.എമ്മിന്റെ വലിയ നേതാവും ബി.ജെ.പി.യും തമ്മിലുണ്ടാക്കിയ രഹസ്യ അജണ്ടയാണ് നഗരസഭയിൽ അടിക്കടി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് കാരണമെന്ന് പരസ്യമായ രഹസ്യമാണ്.

ഇതിൽ ഇരു പാർട്ടികളിലുമുള്ള വലിയ വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. ജനകീയ പ്രശ്നങ്ങൾ മാറ്റി വച്ച് ബി.ജെ.പി യോടൊത്ത് രാഷ്ട്രീയം കളിക്കുന്ന നിലപാടിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികളും അതൃപ്തരാണ്. നഗരസഭാ പ്രതിപക്ഷ മെന്ന നിലയിൽ ബി.ജെ.പിയുടെ നിലപാടുകൾ പരിഹാസ്യവും പരിതാപകരവുമാണ്. കെട്ടിട നികുതി അഴിമതിയിൽപ്പെട്ട തോടെ ഭരണപക്ഷവുമായി ചേർന്ന് അഡ്ജസ്റ്റ്മെന്റ് രാഷ്ടീയം കളിക്കുകയാണ് ബി.ജെ.പി.
കൗൺസിലർമാരുടെ കഴിവില്ലായ്മയും ബി.ജെ.പിയെ അലട്ടുന്നുണ്ട്.

ബി.ജെ.പിയും എൽ ഡി എഫും അക്രമണം വെടിഞ്ഞ് കൗൺസിലിനെ നല്ല രീതിയിൽ നയിക്കണമെന്ന് യുഡിഎഫ് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ലക്ഷം വരുന്ന ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം രണ്ട് കക്ഷികളും പരസ്പരം പോരാടുന്നതിനാണ് ശ്രമിച്ചത്. ഹൈമാസ്റ്റ് വിഷയത്തിൽ എം.പി.മാർക്കും എം.എൽ.എമാർക്കും കത്ത് കൊടുത്ത മേയറുടെ നടപടി ശരിയല്ല.എന്നാൽ കത്തിൽ ഭേദഗതി വരുത്താമെന്ന് മേയർ അറിയിച്ചതിന് ശേഷവും ബി.ജെ.പി അംഗങ്ങൾ ബഹളം വെച്ച നടപടി പ്രതിഷേധാർഹവും ലജ്ജാകരമാണെന്നും യു.ഡി.എഫ് ആരോപിച്ചു.