തിരുവനന്തപുരം:മോഹനന്‍ വൈദ്യര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കത്ത്.കഴിഞ്ഞ ദിവസം ഒന്നരവയസ്സുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത് മോഹനന്‍ വൈദ്യരുടെ ചികില്‍സാപ്പിഴവിനെത്തുടര്‍ന്നാണെന്ന് ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ കുറിപ്പ് ചുവടെ.
മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.