തിരുവനന്തപുരം:കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്‌സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.വ്യവസായ മന്ത്രി ഇപി ജയരാജന്‍ കൊക്കോണിക്‌സ് നിര്‍മ്മിക്കുന്ന ലാപ്‌ടോപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.കൊക്കോണിക്‌സിന്റെ ആദ്യ നിര ലാപ്‌ടോപ്പുകള്‍ ഫെബ്രുവരി 11 ന് ഡല്‍ഹിയില്‍ നടക്കുന്ന ഇലക്‌ട്രോണിക് മാനുഫാക്ചറിങ്ങ് സമ്മിറ്റില്‍ അവതരിപ്പിക്കും.പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍,ഇലക്‌ട്രോണിക് ഉല്‍പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്‌ളോബലുമായി കൈകോര്‍ത്തുകൊണ്ടാണ് കേരളത്തില്‍ തന്നെ ഗുണമേന്‍മയുള്ള ലാപ്‌ടോപ്പുകളും സര്‍വറുകളും ഉല്‍പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്.ഇലക്‌ട്രോണിക്‌സ് ഉപകരണ ഉല്‍പാദന രംഗത്ത് പ്രമുഖരായ ഇന്റല്‍ കമ്പനിയുടെ മാര്‍ഗനിര്‍ദേശവും സാങ്കേതിക സഹായവും ലഭ്യമാക്കിക്കൊണ്ടാണ് കൊക്കോണിക്‌സ് എന്ന പൊതു സ്വകാര്യ സംരംഭത്തിനു തുടക്കം കുറിക്കുന്നത്.
കെല്‍ട്രോണ്‍ കെഎസ്‌ഐഡിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളോടൊപ്പം യുഎസ്ടി ഗ്‌ളോബല്‍ ആക്‌സിലറോണ്‍,ഇന്റല്‍ ഇന്ത്യാ മേക്കര്‍ ലാബ് ആക്‌സിലറേറ്റഡ് സ്റ്റാര്‍ട്ടപ്പ് എന്നിവര്‍ കൂടി പങ്കാളികളായുള്ള ഉപകരമോല്‍പാദന സംവിധാനമാണ് കോക്കോണിക്‌സിനുള്ളത്.കെല്‍ട്രോണിന്റെ തിരുവനന്തപുരം മണ്‍വിളയിലുള്ള സ്ഥാപനത്തിലെ സൗകര്യങ്ങള്‍ നവീകരിച്ചു ലഭ്യമാക്കിയ സ്ഥലത്താണു കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്.സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങളുടേയും ഉപകരണ ഘടകങ്ങളുടേയും ഉല്‍പാദനത്തിനാണ് കോക്കോണിക്‌സ് പ്രഥമ പരിഗണന നല്‍കുന്നത്.പ്രതിവര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ്പുകളുടെ ഉല്‍പാദനത്തിനുള്ള ശേഷിയുമായാണ് കൊക്കോണിക്‌സ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.
പ്രവര്‍ത്തനചടുലതയാര്‍ന്ന ഒരു ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ ഉല്‍പാാദന ഇക്കോ സിസ്റ്റം കേരളത്തില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് കൊക്കോണിക്‌സ് മുന്നോട്ടു വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.നൂതനാശയങ്ങളുള്ള സ്റ്റാര്‍ട്ടപ് കമ്പനികളുടെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ചെറുതും ഇടത്തരവുമായ ഐടി സംരംഭങ്ങളുടേയും ശേഷികളടേയും സംയോജനത്തിനുള്ള അവസരമാണ് കെക്കോണിക്‌സ് തുറന്നു നല്‍കുന്നതെന്നു വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പു സെക്രട്ടറിയും കൊക്കോണിക്‌സ് ചെയര്‍മാനുമായ എം.ശിവശങ്കര്‍,കൊക്കോണിക്‌സ് ഡയറക്ടര്‍മാരായ യുഎസ്ടി ഗ്‌ളോബല്‍ കമ്പനിയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറും കണ്‍ട്രി ഹെഡുമായ അലക്‌സാണ്ടര്‍ വര്‍ഗീസ്,കെല്‍ട്രോണ്‍ എംടി ഹേമലത കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ രവി ചന്ദ്രന്‍ ആക്‌സിലറോണ്‍ സിഇഒ പ്രസാദ് എന്നിവരും ഇന്റല്‍ കമ്പനി പ്രതിനിധി സിദ്ധാര്‍ത്ഥ് നാരായണനും പങ്കെടുത്തു.