[author image=”http://veekshanamonline.media/wp-content/uploads/2017/11/shooranad.jpg” ]ഡോ.ശൂരനാട് രാജശേഖരന്‍ [/author]സോളാര്‍ റിപ്പോര്‍ട്ട് നനഞ്ഞ പടക്കമെങ്കിലുമാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ അതുപോലുമായില്ല. വേസ്റ്റ് ബോക്‌സിലേക്ക് ചുരുട്ടിയെറിയുന്ന കടലാസ് കഷണങ്ങള്‍ക്ക് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച 1072 കടലാസുകളുടെ കെട്ടിനേക്കാള്‍ മൂല്യമുണ്ടാകും.

7 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നു കമ്മീഷന്‍ തന്നെ സമ്മതിക്കുന്നു. അല്‍പ്പമെങ്കിലും മാന്യതയോ ധാര്‍മ്മികബോധമോ ഉണ്ടെങ്കില്‍ ആ തുക ഖജനാവിലേക്ക് തിരിച്ചടക്കുകയാണ് വേണ്ടത്. സാമാന്യ യുക്തിയുള്ളവര്‍ക്കുപോലും വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കമ്മീഷന് മനസ്സിലാക്കാന്‍ നാല് വര്‍ഷത്തോളം വേണ്ടിവന്നു. എന്നിട്ടും ഒന്നും മനസ്സിലായില്ലെന്നതാണ് ആ റിപ്പോര്‍ട്ട് വെളിവാക്കുന്നത്. എന്തൊക്കെയോ എഴുതി കൂട്ടിയിരിക്കുന്നു.

സോളാര്‍ കമ്മീഷനായി പ്രവര്‍ത്തിച്ച ജഡ്ജി മഞ്ഞ പത്രപ്രവര്‍ത്തനത്തിനു പരിശീലിക്കുകയാണോയെന്നാണ് പ്രശസ്ത എഴുത്തുകാരനായ എന്‍എസ് മാധവന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. ഒരു സിഡി തേടി കോയമ്പത്തൂരിലേക്ക് കമ്മീഷന്‍ നടത്തിയ പടപ്പുറപ്പാടൊന്നും ആരും മറന്നിട്ടില്ല. അങ്ങനെയൊരു സിഡി ലഭിച്ചിരുന്നെങ്കില്‍ അതിന്റെ ദൃശ്യ വിവരണങ്ങള്‍ സഹിതം ഒന്നോ രണ്ടോ ലക്ഷം പേജുകളുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമായിരുന്നു. സോളാര്‍ കമ്മീഷനായി ജസ്റ്റിസ് ശിവരാജനെ നിയമിച്ചപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരാള്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നു ജനം അറിയുന്നത്. എട്ടൊമ്പതുവര്‍ഷക്കാലം അവിടെയുണ്ടായിരുന്നെങ്കിലും മറ്റുപലര്‍ക്കും കഴിഞ്ഞിട്ടുള്ളതുപോലെ ശ്രദ്ധേയമായ വിധി പ്രസ്താവങ്ങളെന്തെങ്കിലും നടത്തുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ജുഡീഷ്യറിയില്‍ 20 ശതമാനം അഴിമതിക്കാരാണെന്നു ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്പി ബറൂച 2001ല്‍ കൊല്ലത്ത് ഒരുസമ്മേളനത്തില്‍ പറഞ്ഞതോര്‍ക്കുന്നു.

2015ല്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞത് 50 ശതമാനം അഴിമതിക്കാരാണെന്നാണ്. അഴിമതിയുടെ പേരില്‍ സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍പ്പോലും കലഹിക്കുന്നത് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അഴിമതിക്കാരായ ജഡ്ജിമാര്‍ക്ക് ജന നന്മ കണക്കാക്കിയുള്ള വിധി പ്രസ്താവങ്ങളൊന്നും നടത്താന്‍ കഴിഞ്ഞെന്നിരിക്കില്ല. തുറന്ന കോടതിയില്‍ അവസരം കിട്ടുമ്പോഴൊക്കെയും ദ്വയാര്‍ത്ഥമുള്ള അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുന്നതില്‍ അഗ്രഗണ്യനായ ഒരാളെന്നാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന ഒരു അഭിഭാഷകയായ സംഗീത ലക്ഷ്മണ അവരുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ഈ ജഡ്ജിയെ വിശേഷിപ്പിച്ചിട്ടുള്ളത്.

അങ്ങനെയുള്ള ഒരാള്‍ക്ക് ഒരു സ്ത്രീയുടെ മാദകസൗന്ദര്യത്തില്‍ ആകര്‍ഷണം തോന്നുക സ്വാഭാവികം. അതദ്ദേഹത്തിന്റെ കാര്യം. പക്ഷെ അത് മറ്റുള്ളവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് കമ്മീഷന് പറ്റിയ തെറ്റുകളിലൊന്ന്. ഇഷ്ടവും അനിഷ്ടവുമൊക്കെ വ്യക്തിനിഷ്ഠമായ കാര്യങ്ങളാണ്. ഒരാള്‍ക്ക് ഇഷ്ടപ്പെട്ടത് മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ഭക്ഷണവും സംഗീതവും സിനിമയും എല്ലാം അതുപോലെയാണ്. സൗന്ദര്യത്തിന്റെ കാര്യത്തിലും സ്ഥിതിവ്യത്യസ്തമല്ല. ചിലര്‍ക്ക് വെളുപ്പായിരിക്കും ഇഷ്ടം. മറ്റു ചിലര്‍ക്ക് കറുപ്പും. ചിലര്‍ മാദക സൗന്ദര്യം ഇഷ്ടപ്പെടും. ചിലര്‍ ബൗദ്ധിക സൗന്ദര്യമായിരിക്കും ഇഷ്ടപ്പെടുക. തട്ടിപ്പുകാരി കമ്മീഷനെ ആകര്‍ഷിച്ചുവെന്നു വ്യക്തം.

പക്ഷെ സ്വന്തം ഇഷ്ടം മറ്റുള്ളവരുടെയും ഇഷ്ടമായി അദ്ദേഹം സങ്കല്‍പ്പിക്കുകയും അത് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വസ്തുനിഷ്ഠമല്ല, ആത്മനിഷ്ഠം മാത്രമാണെന്നതിനു ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല. വസ്തുതകള്‍ കണ്ടെത്തുന്നതിനാണ് കമ്മീഷനെ നിയോഗിച്ചത്. പൊതുഖജനാവില്‍നിന്നും പണം ചിലവഴിച്ചത് വായില്‍തോന്നിയത് എഴുതിവെക്കാനല്ല.
തട്ടിപ്പുകാരിയോട് വല്ലാത്ത ആകര്‍ഷണം തോന്നിയിട്ടായിരിക്കണം അവര്‍ പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളെല്ലാം അതേപടി റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത്. ഒരു കത്താണ് പ്രധാനം. തട്ടിപ്പുകാരി കത്തെഴുതിയത് ഒരിക്കല്‍ മാത്രമാണ്. പക്ഷെ നാലോ അഞ്ചോ കത്തുകളാണ് അതിന്റെ പേരില്‍ പുറത്തു വന്നിട്ടുള്ളത്.

ഇനിയും വന്നെന്നിരിക്കും. കത്തിലെ പേജുകളുടെ എണ്ണം കൂടിയതിന്റെ കഥയൊക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ കത്ത് ഏതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് മഞ്ഞയോ നീലയോ നിറമുള്ളതായ ഒരു കത്ത് കമ്മീഷന്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്തത്. ജയിലില്‍ വെച്ചെഴുതിയതായ കത്ത് കണ്ട അന്നത്തെ ജയില്‍ ഡിജിപിയോ തട്ടിപ്പുകാരിയുടെ അഭിഭാഷകനെന്ന നിലയില്‍ ആ കത്ത് ജയിലില്‍ നിന്നും കൈപ്പറ്റിയ ആളോ നല്‍കിയ മൊഴികളൊന്നും വിശ്വാസത്തിലെടുക്കാതെയാണ് ആ കത്ത് ഉള്‍പ്പെടുത്തിയത്. യഥാര്‍ത്ഥ കത്ത് കണ്ടെത്താന്‍ കഴിയാതിരുന്ന കമ്മീഷന് കാര്യക്ഷമത അവകാശപ്പെടാന്‍ കഴിയുമോ?

ഇവിടെ കേരള ഹൈക്കോടതിയെയും കമ്മീഷന്‍ അവഹേളിച്ചു. തട്ടിപ്പുകാരിയായ സ്ത്രീ ലൈംഗിക പീഡന ആരോപണവുമായി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിശ്വാസ്യയോഗ്യത തീരെയില്ലാത്ത വ്യക്തിയെന്ന കാരണത്താല്‍ ജസ്റ്റിസ് കെമാല്‍ പാഷ ആ ഹര്‍ജി തള്ളുകയാണുണ്ടായത്.
അതെ സ്ത്രീയെയാണ് ഇവിടെ കമ്മീഷന്‍ വിശുദ്ധയാക്കിയിരിക്കുന്നത്. ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ അടിസ്ഥാന തത്വം തന്നെയായ വിശ്വാസ്യതയെക്കുറിച്ചു ഹൈക്കോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് അറിയില്ലെന്നുണ്ടോ?
വസ്തുതകളെയും തെളിവുകളെയുമെല്ലാം അവഗണിച്ചുകൊണ്ട് സ്വന്തം മനസ്സുഖത്തിനായി റിപ്പോര്‍ട്ട് ചമച്ച കമ്മീഷന്‍ വിസ്മരിച്ചു പോയ ഒരു കാര്യം കമ്മീഷന് നല്‍കിയ പരാമര്‍ശ വിഷയങ്ങളായിരുന്നു. അതിലൊന്നായിരുന്നു 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ തട്ടിപ്പുസംഘം നടത്തിയ പ്രവര്‍ത്തനങ്ങളും അതില്‍ അന്നത്തെ എല്‍ഡിഎഫ് ഗവണ്മെന്റ് കൈക്കൊണ്ട നടപടികളും. ആ കാലഘട്ടത്തില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്ത് നടപടിയുണ്ടായി? തട്ടിപ്പുകാരിക്ക് ‘അങ്കിള്‍’ എന്ന് വിളിക്കാന്‍ മാത്രം അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.

തട്ടിപ്പുകാരിയുടെ ഭര്‍ത്താവ് നടത്തിയ ഒരു കൊലപാതകംപോലും ആത്മഹത്യയായി അന്ന് മാറിയിരുന്നു. പക്ഷെ ആ ആത്മഹത്യ കൊലപാതകമായി മാറിയതും പ്രതിയെ ശിക്ഷിച്ചതും തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തതുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്മെന്റായിരുന്നു. അതിന്റെ രോഷം തട്ടിപ്പു സംഘത്തിനുണ്ട്. അതുകൊണ്ടവര്‍ എല്ലാ വൃത്തികെട്ട ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടേയിരിക്കും.

അതെല്ലാം അതേപടി വെട്ടിവിഴുങ്ങാനല്ല കമ്മീഷനെ നിയോഗിച്ചത്. അങ്ങനെ ചെയ്തതിലൂടെ ഭാവിയിലും ഇതുപോലെയുള്ള തട്ടിപ്പു സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ചെയ്തത്. കമ്മീഷന്‍ നല്‍കുന്ന സന്ദേശമിതാണ്: എന്ത് തട്ടിപ്പും നിങ്ങള്‍ക്ക് നടത്താം. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചാല്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം. കേരളത്തില്‍ നിരവധി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളുണ്ടായിട്ടുണ്ട്. പക്ഷെ ഇതുപോലെ പരാമര്‍ശവിഷയങ്ങളെ അവഗണിക്കുകയും സ്വന്ത ഇഷ്ടപ്രകാരം അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്ത മറ്റൊരു കമ്മീഷന്‍ ഉണ്ടായിട്ടില്ല.
കമ്മീഷന്റെ പക്ഷപാതിത്വത്തെക്കുറിച്ചുകൂടി പരാമര്‍ശിക്കാതെ വയ്യ. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സഹായിച്ച സിപിഎമ്മിന്റെ അഭിഭാഷക സംഘടനക്ക് പ്രത്യേകം നന്ദി പറഞ്ഞിരിക്കുന്നു. ആ ഒരൊറ്റ വാചകം മതിയാകും ഇതൊരു യുഡിഎഫ് വിരുദ്ധ റിപ്പോര്‍ട്ടാണെന്നു മനസ്സിലാക്കാന്‍.

തട്ടിപ്പുകാരിയുമായുണ്ടായിരുന്ന രഹസ്യബന്ധത്തിന്റെ പേരില്‍ അവരുടെ ഭര്‍ത്താവിന്റെ കൈകളില്‍ നിന്നുമേറ്റ മാരകമായ പ്രഹരങ്ങളാല്‍ ചതഞ്ഞരഞ്ഞ മുഖവുമായി നിയമസഭയിലെത്തുകയും നേരെ എല്‍ഡിഎഫിന്റെ ഇരിപ്പടത്തിലേക്കു പോകുകയും ചെയ്ത ഒരു നേതാവിനെക്കുറിച്ചും ഒന്നും പറയാത്തത് യാദൃച്ഛികമെന്നു കരുതാം.

കമ്മീഷന് രാഷ്ട്രീയ താല്‍പ്പര്യം എന്തെങ്കിലുമുണ്ടെങ്കില്‍ അത് മനസ്സിലാക്കാം. എന്നാല്‍ അതിന്റെ പേരില്‍ സത്യസന്ധമായി കേസ് അന്വേഷിക്കുകയും തട്ടിപ്പു സംഘത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ഉന്നതരായ പോലീസ് ഓഫിസര്‍മാരെക്കൂടി കുറ്റവാളികളാക്കുകയാണ് കമ്മീഷന്‍ ചെയ്തത്. പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിത്. സാമാന്യയുക്തിയോ നിയമപരമായ ഔന്നത്യമോ പ്രകാശിപ്പിക്കാത്ത ഒരു റിപ്പോര്‍ട്ടെന്ന് വേണം പറയേണ്ടത്. സാമാന്യയുക്തിപോലും ഉണ്ടായിട്ടില്ലെന്നതിന്റെ ഒരുദാഹരണമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ഒരു ഫോട്ടോയുടെ കാര്യം. ഒരു പൊതുചടങ്ങിന്റെ വേദിയില്‍ തട്ടിപ്പുകാരി ഉമ്മന്‍ചാണ്ടിയുടെ പിന്നില്‍ നില്‍ക്കുന്ന ചിത്രമാണത്.

എല്ലാ തട്ടിപ്പുകാരും വിശിഷ്ട വ്യക്തികളുമായി ചേര്‍ന്ന് നില്‍ക്കുന്നതോ മറ്റോ ആയ ഫോട്ടോകള്‍ സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതവരുടെ തൊഴിലിനു പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ വേലിക്കെട്ടുകളൊന്നും തീര്‍ക്കാതിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നോര്‍ക്കണം.
ആ ഫോട്ടോ എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുന്നതിനുള്ള യുക്തിപോലും കമ്മീഷന് ഇല്ലാതെപോയി. ഹൈക്കോടതിയില്‍ ജഡ്ജിമാരാകുന്നവരുടെ നിയമ സംസ്‌കാരത്തെക്കുറിച്ചു ജനം സംശയിച്ചുപോയാല്‍ അവരെ കുറ്റം പറയാനാകില്ല. സത്യസന്ധരും പ്രഗത്ഭരുമായ ജഡ്ജിമാര്‍ക്ക് അങ്ങനെയുള്ളവര്‍ ഒരു കളങ്കമായിരിക്കും.

ചവറു കൂനയിലേക്കു വലിച്ചെറിയേണ്ടതായ കടലാസു കെട്ടുകള്‍ രാഷ്ട്രീയ ആയുധമാക്കുന്നവരോടാണ് സഹതാപം തോന്നുന്നത്. കേരളത്തിലെമ്പാടും ഭൂമി തട്ടിപ്പുകാരുടെ ഒരു പാര്‍ട്ടിയായി മാറിക്കഴിഞ്ഞ പിണറായി-കോടിയേരി പാര്‍ട്ടിക്ക് സോളാര്‍ തട്ടിപ്പുകാരി ഒരു മാര്‍ഗദര്‍ശി തന്നെയാണ്. പിണറായിയുടെ പാര്‍ട്ടി ഒരു സരിതായിസ്റ്റ് പാര്‍ട്ടിയായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പിണറായി കാരാട്ട് ഗ്രൂപ്പുമായി കൈകോര്‍ത്തിട്ടുള്ള ബിജെപിക്കും തട്ടിപ്പുകാരി ആവേശം പകരുന്നു.