രജിഷ വിജയന്‍ പ്രധാനകഥാപാത്രമായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘ഖൊ ഖൊ’ സിനിമയുടെ തിയേറ്റര്‍ പ്രദര്‍ശനം ഇന്നു മുതല്‍ നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ രാഹുല്‍ റിജി നായര്‍.  കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ തീരുമാനം എടുക്കേണ്ടി വന്നതെന്നും അദ്ദേഹം അറിയിച്ചിരിക്കുകയാണ്. സിനിമ പുറത്തിറങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് തിയേറ്ററുകളില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചതെന്നും എന്നാല്‍ കച്ചവടതാല്‍പ്പര്യത്തിനുപരിയായി സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും കുറിപ്പില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍. ചിത്രം കാണാന്‍ അതിയായ താല്‍പ്പര്യം ഉള്ളവര്‍ക്കു പോലും തിയേറ്ററില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല. സെക്കന്‍ഡ് ഷോ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിട്ടും നമ്മുടെ ചിത്രത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. എന്നാലിപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിക്കാനായി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന പ്രമോഷന്‍ പരിപാടികള്‍ എല്ലാം തന്നെ രണ്ട് ദിവസമായി നിര്‍ത്തി വച്ചിരുന്നു. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഖൊ ഖൊ എന്ന ചിത്രത്തിന്റെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ച വിവരം എല്ലാവരേയും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഒ.ടി.ടി, ടെലിവിഷന്‍ തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമം തുടങ്ങി.