ജീവിതത്തില്‍ ഭൗതികമായി നാം എന്തൊക്കെ നേടിയാലും ഒടുവില്‍ നമ്മുടെ മനസ്സ് ഏതവസ്ഥയിലായിരിക്കുന്നുവോ അതാണ് നാം യഥാര്‍ത്ഥത്തില്‍ നേടിയിരിക്കുന്നത്. അത് ശാന്തമാണോ അശാന്തമാണോ? അശാന്തമാണെങ്കില്‍ ഇപ്പോള്‍ നേടിയവകൊണ്ടൊന്നും ശാന്തിയുണ്ടാകില്ലെന്നര്‍ത്ഥം!

ഒരാള്‍ കാമിനീകാഞ്ചങ്ങള്‍ നല്ല മാര്‍ഗ്ഗത്തിലൂടെ നേടിയിരിക്കാം. മറ്റൊരാളത് ദുഷ്ടമാര്‍ഗ്ഗത്തിലൂടെയും നേടിയിരിക്കാം. എന്നാല്‍ രണ്ടുപേര്‍ക്കും എപ്പോഴായാലും അവ നഷ്ടപ്പെടുന്നുണ്ട്! അപ്പോള്‍ രണ്ടാളും അശാന്തിയിലാകും. സത് മാര്‍ഗ്ഗത്തിലൂടെ നേടിയയാള്‍ അല്പമെങ്കിലും സുഖം അനുഭവിക്കുന്നുണ്ട് എന്ന വ്യത്യാസം ഉണ്ട്. പാപപ്രവൃത്തിയിലൂടെ മറ്റുള്ളവരെ വേദനിപ്പിച്ചും വഞ്ചിച്ചും ലൗകികസുഖം കണ്ടെത്തുന്നവരാകട്ടെ നേടുമ്പോഴോ അതനുഭവിക്കുമ്പോഴോ യഥാര്‍ത്ഥ സുഖം അനുഭവിക്കുന്നില്ല. പിന്നെ നഷ്ടപ്പെടുമ്പോഴുള്ള കാര്യം പറയേണ്ടല്ലൊ?

എപ്പോഴും അശാന്തമായ മനസ്സ്, നിരന്തരം പാപവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെ ലക്ഷണമാണ്. ഇടയ്ക്ക് ശാന്തമാവുകയും ഇടയ്ക്ക് അശാന്തമാവുകയും ചെയ്യുന്ന മനസ്സ്, സത് പ്രവൃത്തികള്‍ ചെയ്യുന്നുണ്ടെങ്കിലും നശ്വരവിഷയങ്ങളെയാണ് നേടുന്നത് എന്നതിന്‍റെയും ലക്ഷണമാണ്.
ഓം

കൃഷ്ണകുമാർ കെ പി