തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെച്ച ഒഴിവിലേക്ക് എ.കെ ശശീന്ദ്രനെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കങ്ങള്‍ എന്‍.സി.പി ശക്തമാക്കി. ശശീന്ദ്രന് രാജിവെയ്ക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്റെ റിപ്പോര്‍ട്ട് അനുകൂലമായ സാഹചര്യത്തിലാണിത്. ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ ശരദ്പവാറുമായി ചര്‍ച്ച നടത്തിയ എന്‍.സി.പി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍ തൊട്ടുപിന്നാലെ ഇടതുമുന്നണി നേതൃത്വവുമായി ഫോണില്‍ ബന്ധപ്പെട്ടു. ശശീന്ദ്രനെ തിരികെ മന്ത്രിസഭയിലെത്തിക്കാനുള്ള നടപടികള്‍ക്ക് കാലതാമസം ഉണ്ടാകരുതെന്നായിരുന്നു പീതാംബരന് മാസ്റ്ററുടെ ആവശ്യം. എന്നാല്‍, കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്ന് ഇടതു മുന്നണി നേതൃത്വം സൂചന നല്‍കിയെന്നാണ് വിവരം.
വാണിജ്യ താല്പര്യം കണക്കിലെടുത്ത് മലയാളത്തിലെ സ്വകാര്യ ചാനല്‍ മന്ത്രിയെ കുടുക്കിയതാണെന്ന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്റെ കണ്ടെത്തല്‍. ഇതിനായി ഫോണ്‍ കെണി ആസുത്രണം ചെയ്ത ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടിലെ ശുപാര്‍ശയിലുണ്ട്. ഈ അനുകൂല സാഹചര്യം ശശീന്ദ്രന്റെ മന്ത്രിപദവിക്ക് തുണയാകുമെന്നാണ് എന്‍.സി.പി നേതൃത്വം കണക്കുകൂട്ടുന്നത്. ശശീന്ദ്രന്റെ രാജിയെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസഭയിലെത്തിയത്. എന്നാല്‍ ഭൂമി കയ്യേറ്റ കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ രൂക്ഷമായ പരാമര്‍ശത്തെ തുടര്‍ന്ന് ചാണ്ടിക്കും രാജിവെയ്ക്കേണ്ടി വന്നു. ഇതോടെ എന്‍.സി.പിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ചാണ്ടിയുടെ രാജി ഉപാധിയുടെ അടിസ്ഥാനത്തിലാണെന്നും രണ്ടുപേരില്‍ ആദ്യം കുറ്റവിമുക്തരാകുന്നയാള് മന്ത്രിപദവിയില്‍ തിരിച്ചെത്തുമെന്നുമായിരുന്നു നേരത്തെ പീതാംബരന് മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പകരം മന്ത്രിയുടെ കാര്യത്തില്‍ ഉപാധികളൊന്നും ഇല്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. ഏതായാലും, മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമാകും ഇക്കാര്യത്തില്‍ അന്തിമം